Image credit: X

ചൈനീസ് ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ച കടല്‍കാക്ക കര്‍ണാടകയിലെ കര്‍വാര്‍ തീരത്തെത്തി. രാജ്യത്തെ തന്ത്രപ്രധാന നാവിക ആസ്ഥാനങ്ങളിലൊന്നായ കര്‍വാറില്‍ ചൊവ്വാഴ്ചയോടെയാണ് ദേശാടനപ്പക്ഷിയെ കണ്ടെത്തിയത്. രബീന്ദ്രനാഥ് ടാഗോര്‍ ബീച്ചില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ പക്ഷിയെ കോസ്റ്റല്‍ മറൈന്‍ പൊലീസ് ഉടന്‍ തന്നെ വനംവകുപ്പിന് കൈമാറി. 

കടല്‍കാക്കയുടെ ശരീരത്തില്‍ കെട്ടിവച്ച നിലയിലായിരുന്നു ജിപിഎസ് ട്രാക്കറുണ്ടായിരുന്നത്. സോളറിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. ട്രാക്കറിനൊപ്പം ഒരു ഇമെയില്‍ വിലാസവും ചേര്‍ത്തിരുന്നു. കടല്‍കാക്കയെ കണ്ടെത്തുന്നവര്‍ ആ ഐഡിയില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചുള്ളതായിരുന്നു സന്ദേശം. 

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്‍റേതാണെന്ന് കണ്ടെത്തി. എക്കോ–എന്‍വയണ്‍മെന്‍റല്‍ സയന്‍സിന്‍റെ റിസര്‍ച്ച് സെന്‍ററാണിതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതോടെ ഇമെയില്‍ മുഖേനെ ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമം നടത്തിയിട്ടുണ്ട്. അസ്വാഭാവികമാണ് ഈ കണ്ടെത്തല്‍ എന്നതിനാല്‍ തന്നെ സംഭവത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും  ദേശാടന രീതികള്‍ അറിയുന്നതിനായുള്ള ശാസ്ത്രീയ പഠന ഗവേഷണത്തിന്‍റെ ഭാഗമായാണോ പക്ഷിയുടെ മേല്‍ ജിപിഎസ് ഘടിപ്പിച്ചത് എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് ഉത്തര കന്നഡ എസ്പി ദീപന്‍ അറിയിച്ചു. 

ENGLISH SUMMARY:

A migratory seagull fitted with a solar-powered Chinese GPS tracker was found injured at Rabindranath Tagore Beach in Karwar, Karnataka, near a strategic Indian Naval base. Investigations revealed the tracker belongs to the Chinese Academy of Sciences' Research Center for Eco-Environmental Sciences. An email address was attached to the device requesting finders to contact them. Uttara Kannada SP Deepan stated that authorities are investigating whether the tagging is part of a legitimate scientific study on bird migration or has other implications. The bird has been handed over to the Forest Department.