Screengrab from video: x.com/Yemenimilitary

Screengrab from video: x.com/Yemenimilitary

യെമനിലെ റാസ് ഇസ തുറമുഖത്തിന് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. 50 പേര്‍ക്ക് പരുക്കേറ്റെന്ന് ഹൂതി വിമതര്‍ പ്രസ്താവനയില്‍ അറിയിച്ചു. തുറമുഖത്ത് ജോലി ചെയ്തിരുന്ന സാധാരണക്കാരായ ജനങ്ങളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും ഹൂതികള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മാര്‍ച്ച് 15ന് ശേഷം യെമനില്‍ യുഎസ് നടത്തുന്ന ഏറ്റവും വലിയ ആക്രമണം ആണിത്. തുറമുഖത്തിന് നേരെ കനത്ത വ്യോമാക്രമണം നടത്തിയെന്നും ഹൂതികളുടെ സാമ്പത്തിക അധികാര കേന്ദ്രം തകര്‍ത്തുവെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡും സ്ഥിരീകരിച്ചു. ആക്രമണം നടത്തിയെന്ന് വിശദമാക്കുന്ന  പ്രസ്താവനയും സെന്‍ട്രല്‍ കമാന്‍ഡ് സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്. 

അനധികൃതമായി എണ്ണ വിറ്റാണ് ഹൂതികള്‍ യുഎസിനെ ആക്രമിക്കാനുള്ള പണം കണ്ടെത്തുന്നതെന്നും ഈ ഇന്ധനമത്രയും എത്തുന്നത് റാസ് ഇസയിലാണെന്നും യുഎസ് പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി റാസ് ഇസ അടക്കി വാണ ഹൂതികളുടെ ആധിപത്യത്തിന് അറുതി വരുത്തിയെന്നും തുറമുഖം സൈന്യം തകര്‍ത്തുവെന്നും ട്വീറ്റില്‍  കുറിച്ചിട്ടുണ്ട്.  യെമനിലെ ജനങ്ങളെ ഉപദ്രവിക്കുകയെന്ന ഉദ്ദേശം യുഎസിനില്ലെന്നും ഹൂതികള്‍ സ്വന്തം ജനങ്ങളുടെ നിലനില്‍പ്പ് കൂടി അപകടത്തിലാക്കുകയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വിശദീകരിക്കുന്നു. 

റാസ് ഇസയില്‍ നടത്തിയ ആക്രമണം ഹൂതികള്‍ക്കും ഇറാനും ഹൂതികള്‍ക്ക് രഹസ്യമായും പരസ്യമായും സാമ്പത്തികവും അല്ലാത്തതുമായ സഹായം നല്‍കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും ട്വീറ്റ് പറയുന്നു. ലോകം ഒരുകാലത്തും ഇന്ധനക്കടത്ത് അംഗീകരിക്കില്ലെന്നും ട്വീറ്റ് കൂട്ടിച്ചേര്‍ക്കുന്നു. 

ഇസ്രയേല്‍ പലസ്തീനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ സൂയസ് കനാലിലൂടെ പോകുന്ന യുഎസ് കപ്പലുകളെ ഹൂതികള്‍ പതിവായി ആക്രമിച്ച് വരുന്നുണ്ട്. ലോകത്തെ കപ്പല്‍ഗതാഗതത്തിന്‍റെ 12 ശതമാനവും സൂയസ് വഴിയാണ് നടന്നിരുന്നത്. എന്നാല്‍ ഹൂതികളുടെ ആക്രമണം ശക്തമായതിന് പിന്നാലെ വന്‍കിട കമ്പനികളെല്ലാം ദക്ഷിണാഫ്രിക്കന്‍ മുനമ്പ് വഴിയാണ് ചരക്ക് കൊണ്ടുപോകുന്നത്. ഇത് കടുത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനികള്‍ക്ക് വരുത്തുന്നതും. ഇതോടെയാണ് ഹൂതികളുടെ കടലിലെ ആധിപത്യം അവസാനിപ്പിക്കാന്‍ യുഎസ് ആക്രമണങ്ങള്‍ ശക്തമാക്കിയത്. 

ENGLISH SUMMARY:

The US military claimed responsibility for bombing Ras Isa port in Yemen, targeting the main economic base of the Houthi rebels. The airstrike aims to stop illegal oil trade funding Houthi attacks. 20 people killed and 50 injured