പ്രതീകാത്മക ചിത്രം,AI
കടുത്ത തൊഴില്‍ ചൂഷണമാണ് ചൈനയില്‍ നടക്കുന്നതെന്ന് കുറ്റപ്പെടുത്തി സോഷ്യല്‍ ലോകം. ചൈനയിലെ ചാങ്ഷ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഹൃദയാഘാതം വന്ന് വീണ യുവാവ് ബോധം വീണപ്പോള്‍ 'ജോലിക്ക് പോകണമെന്ന്' പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലെ മോശം തൊഴില്‍ അന്തരീക്ഷമാണ് നാല്‍പതുകാരനെ കൊണ്ട് ഇത്തരത്തില്‍ പറയിപ്പിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്‍റുകള്‍. ദൃക്സാക്ഷികളിലൊരാളാണ് യുവാവ് ബോധം വന്നതോടെ 'ഹൈസ്പീഡ് ട്രെയിന്‍ പിടിക്കണമെന്നും ജോലിക്ക് പോകണ'മെന്നും പറഞ്ഞുവെന്ന വിവരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ആശുപത്രിയില്‍ പോകാമെന്ന് ചുറ്റും ഓടിക്കൂടിയവര്‍ പറഞ്ഞപ്പോള്‍ 'അതിന്‍റെ ആവശ്യമില്ല, ജോലിക്കെത്താന്‍ വൈകു'മെന്നായിരുന്നു യുവാവിന്‍റെ പ്രതികരണം. ഹുനാന്‍ പ്രവിശ്യയില്‍ ഫെബ്രുവരി നാലിനായിരുന്നു സംഭവം. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ട്രെയിനില്‍ കയറാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് യുവാവ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ റെയില്‍വേ സ്റ്റേഷനിലെ സ്റ്റാഫുകളും ഡോക്ടറും ഓടിയെത്തി. 20 മിനിറ്റ് നേരം പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷമാണ് യുവാവിന് ബോധം തിരികെ കിട്ടിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പോകണമെന്നും പരിശോധനകള്‍ നടത്തണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ജോലിക്കെത്താന്‍ വൈകുമെന്നായിരുന്നു യുവാവിന്‍റെ പ്രതികരണം. ഒടുവില്‍ ഡോക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങി ആംബുലന്‍സില്‍ യുവാവ് കയറി ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
ചൈനീസ് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് കടുത്ത മാനസിക സമ്മര്‍ദമാണ് നല്‍കുന്നതെന്നായിരുന്നു വാര്‍ത്തയോട് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണം. അതേസമയം, യുവാവിനെ മാത്രമായി കുറ്റം പറയേണ്ടതില്ലെന്നും കമന്‍റിടുന്നവരുള്‍പ്പെടെ അങ്ങനെ തന്നെ ചിന്തിക്കുന്നവരാണെന്നും മറ്റൊരാള്‍ കുറിച്ചു. വീടിന്‍റെ ലോണും കുട്ടികളുടെ പഠനവും മറ്റെല്ലാം ഓര്‍ക്കുമ്പോള്‍ ഇങ്ങനെയൊന്നും പറഞ്ഞില്ലെങ്കില്‍ അതിശയിച്ചാല്‍ മതിയെന്നായിരുന്നു വേറെ ഒരാള്‍ കുറിച്ചത്.
ചൈനയില്‍ തൊഴിലില്ലായ്മയും അമിതമായി ജോലി ചെയ്യിക്കലും വ്യാപകമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതും ഇതിനൊപ്പം ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. 16 വയസിനും 24 വയസിനും ഇടയില്‍ തൊഴിലില്ലായ്മ 17 ശതമാനമാണെന്നും ജോലി സമയം എട്ടുമണിക്കൂറല്ലെന്നുമുള്ള റിപ്പോര്‍്ടടുകളും പുറത്തുവന്നിരുന്നു.