പ്രണയത്തിന് കണ്ണും മൂക്കും ഇല്ലാ എന്നാണല്ലോ, അങ്ങനെ തന്‍റെ കാമുകനെ തേടി അമേരിക്കയിൽ നിന്ന് പാകിസ്താനിലെത്തിയ സ്ത്രീക്ക് നേരിടേണ്ടിവന്ന ദുരവസ്ഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഓൺലൈൻ വഴി പരിചയപ്പെട്ട 19കാരനായ നിദാൽ അഹമ്മദ് മേമനെ തേടിയാണ് ന്യൂയോർക്ക് സ്വദേശിനിയായ 33കാരി ഒനിജ റോബിൻസൺ പാകിസ്താനിലെത്തിയത്.
വിവാഹം കഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരെത്തിയത്. എന്നാൽ 19കാരന്റെ മാതാപിതാക്കൾ ഈ ബന്ധം നിഷേധിക്കുകയും കുടുംബത്തോടെ നാടുവിടുകയുമായിരുന്നു. ഒനിജ കറാച്ചിയിലെ നിദാലിന്റെ വീടിന് പുറത്ത് തമ്പടിച്ചെങ്കിലും വീട് പൂട്ടിയിട്ടെന്നും നാടുവിട്ടെന്നും മനസിലായതോടെ നിരാശയിലായി. ഇതോടെ പാക് സർക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് യുവതി.
ഒരു ലക്ഷം ഡോളറാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാദേശിക ആക്ടിവിസ്റ്റും യൂട്യൂബറുമായ സഫർ അബ്ബാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തുവന്നത്. വിഷയത്തിൽ സിന്ധ് ഗവർണർ കമ്രാൻ ഖാൻ ടെസ്സോറി ഇടപെട്ടിട്ടുണ്ട്. നിദാലിനെ പാകിസ്താൻ ഇന്റലിജൻസ് അറസ്റ്റ് ചെയ്തതായാണ് വിവരം.