ഗൾഫ് മലയാളികളെ വീണ്ടും ദുരിതത്തിലാഴ്ത്തി വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ള. എയർ ഇന്ത്യ പല സെക്ടറുകളിലും സർവീസുകൾ നിർത്തിയതോടെയാണ് സ്വകാര്യ വിമാനക്കമ്പനികൾ നിരക്ക് കുത്തനെ ഉയർത്തിയത്. വരാനിരിക്കുന്ന പെരുന്നാൾ കൂടി കണക്കിലെടുത്താണ് വിമാനക്കമ്പനികളുടെ ചൂഷണം. മുപ്പതിനായിരം രൂപ മുതൽ 77,000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ ഉയർത്തിയത്. 

 

പ്രവാസലോകത്തുനിന്നും നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് മുന്നിൽ ആകാശക്കൊള്ളയുടെ പുതിയ കണക്കുകളാണ് വിമാനക്കമ്പനികൾ നിരത്തുന്നത്. എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറച്ചതോടെ ഉണ്ടായ വിടവ് മുതലെടുത്ത് മറ്റ് കമ്പനികൾ നിരക്ക് തോന്നുംപടി വർധിപ്പിക്കുകയാണ്. 

 

ദുബായിൽ നിന്ന് കൊച്ചിയിലെത്താൻ മാത്രം 77,000 രൂപ വരെ ഈടാക്കുന്ന വിചിത്രമായ സാഹചര്യമാണ് നിലവിലുള്ളത്. അബുദാബിയിൽ നിന്നുള്ള യാത്രക്കാർക്കും രക്ഷയില്ല. 35,000 രൂപയ്ക്ക് മുകളിലാണ് ഇവിടെ നിന്നുള്ള നിരക്കുകൾ ആരംഭിക്കുന്നത്

 

സൗദിയിൽ നിന്നും കുവൈറ്റിൽ നിന്നും നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർ ശരാശരി 50,000 രൂപയോളം ടിക്കറ്റിനായി കണ്ടെത്തേണ്ടി വരുന്നു. മസ്കറ്റിലും സ്ഥിതി വ്യത്യസ്തമല്ല. വിഷയത്തിൽ ഇടപെടുമെന്ന് എ എ റഹീം എം പി മനോരമ ന്യൂസിനോട് പറഞ്ഞു. വരാനിരിക്കുന്ന വലിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് വിമാനക്കമ്പനികൾ ഇപ്പോൾ വല വിരിച്ചിരിക്കുന്നത്. അവധി സീസൺ ആരംഭിക്കുന്നതോടെ നിരക്ക് ഇനിയും കൂടുമെന്ന ആശങ്കയിലാണ് പ്രവാസികൾ.

ENGLISH SUMMARY:

Airline ticket prices from Gulf countries to Kerala have skyrocketed, leaving expatriate Malayalis struggling to return home for the upcoming Eid celebrations. With Air India suspending several services, private airlines have sharply increased fares, with tickets from Dubai to Kochi reaching as high as ₹77,000. Travellers from Abu Dhabi, Saudi Arabia, Kuwait, and Muscat are also facing steep prices, with fares ranging between ₹35,000 and ₹50,000 or more. Expatriates fear the situation could worsen as the holiday season approaches. A.A. Rahim MP has stated that he will intervene in the issue, highlighting growing concerns over airline fare exploitation affecting Gulf Malayalis.