• കെട്ടിടങ്ങള്‍ തകര്‍ന്ന് വ്യാപകനാശം
  • അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു
  • കൊളംബിയയില്‍ അടിയന്തരാവസ്ഥ

പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം 111 ആയി ഉയർന്നു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 87 പേർക്ക് പരുക്കേറ്റതായും നിരവധി കെട്ടിടങ്ങൾ തകർന്നതായും പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയല്ല രാജ്യത്തെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് അറിയിച്ചു.

റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ചോക്കോ മേഖലയിലെ സാൻ ജോസ് ഡെൽ പാൽമാർ ആണ്. തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്.

107 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്) അറിയിച്ചു. അയൽരാജ്യങ്ങളായ ഇക്വഡോർ, പനാമ എന്നിവിടങ്ങളിലും ചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും അവിടെ വലിയ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.

റിസാറാൽഡ മേഖലയിലെ പെരേര നഗരത്തിലും വലേ ഡെൽ കൗക്ക മേഖലയിലെ കലി നഗരത്തിലും വൻ നാശനഷ്ടമാണുണ്ടായത്. റിസാറാൽഡയിൽ മാത്രം കുറഞ്ഞത് 40 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. കലി നഗരത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി മേയർ അലജാൻഡ്രോ എഡർ അറിയിച്ചു. ചോക്കോയിൽ ഒമ്പതും കാൽഡാസിൽ രണ്ടും ആന്റോക്യയിൽ ഒരാളും ജീവന്‍ വെടിഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ഭൂകമ്പത്തെ തുടർന്ന് പെരേര, ക്വിബ്ഡോ, കലി, മാനിസാലസ് തുടങ്ങിയ നഗരങ്ങൾ കനത്ത തകർച്ചയെ നേരിട്ടത്. മാനിസാലസ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ നീയോ ഗീതിക് കത്തീഡ്രലിന്റെ ഗോപുരം തകർന്നു വീണു. രാജ്യത്തിന്റെ പസഫിക് തീരമേഖലയായ ചോക്കോ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ അഗ്നിവലയത്തിന് (Ring of Fire) സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും പുരോഗമിക്കുകയാണെന്നും ബാധിത പ്രദേശങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും സർക്കാർ അറിയിച്ചു. അമേരിക്ക അടക്കമുള്ള വിവിധ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും കൊളംബിയയ്ക്ക് പിന്തുണയും സഹായ വാഗ്ദാനങ്ങളും അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A powerful 7.4 magnitude earthquake struck western Colombia, resulting in 111 deaths and injuring 87 people across multiple regions. President Abelardo de la Espriella confirmed the severe devastation during a national address, noting it is the strongest tremor in the country over the past decade. Emergency rescue operations are currently underway in severely affected cities like Pereira and Cali, where numerous individuals remain trapped beneath collapsed structures. International organizations and neighboring countries, including the United Nations, have extended support and aid to assist with the ongoing disaster relief efforts.