ഇടുക്കിയിലെ ഭൂമി പ്രശ്നത്തില്‍ ഒക്ടോബറില്‍ നിയമഭേദഗതിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. 60 ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരം ഉറപ്പിച്ചെന്നും ഉപാധിരഹിതമായി ഭൂമി ക്രമവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനവാസമേഖല ESA ആകില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വനമേഖല മാത്രം പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ച് കേരളം. ജനവാസ, കൃഷി, തോട്ടം മേഖലകളെ ഒഴിവാക്കി 8590.69 ചതുരശ്ര കിലോമീറ്ററായി ചുരുക്കിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന് കേരളം മറുപടി നല്‍കിയത്. കേരളത്തിന്റെ നിര്‍ദേശത്തില്‍ ഉടന്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. 

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍, ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കേരളം പുതുതായി സമര്‍പ്പിച്ചിരിക്കുന്ന പരിസ്ഥിതി ലോല മേഖല ഇങ്ങനെയാണ്. ആകെ 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്റര്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടര്‍പഠനം നടത്തിയ ഉമ്മന്‍ വി. ഉമ്മന്‍ സമിതി 9993.7 ചതുരശ്ര കിലോമീറ്റര്‍ ആണ് പരിസ്ഥിതി ലോലമായി നിര്‍ദേശിച്ചത്. കേരളത്തിന്റെ പുതിയ നിര്‍ദേശം അന്തിമമായി അംഗീകരിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. 

മറ്റ് സംസ്ഥാനങ്ങള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വൈകുന്ന പശ്ചാത്തലത്തില്‍ കേരളത്തിന് മാത്രമായി അന്തിമ വിജ്ഞാപനം ഇറക്കണമെന്ന ആവശ്യം കേരളം ഉയര്‍ത്തും. വനമേഖല മാത്രം പരിസ്ഥിതി ലോലമായി അംഗീകരിക്കുമോയെന്ന സംശയം നിലനില്‍ക്കുമ്പോള്‍, വിഷയം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിന് മുന്‍പില്‍ അവതരിപ്പിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. 

ഇടുക്കി ജില്ലയിലെ 23 വില്ലേജുകളും കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന ആകെ നാല് ജില്ലകളും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കി. ആകെ ഏഴ് ജില്ലകളിലെ 33 വില്ലേജുകളെയാണ് സംസ്ഥാനം ഒഴിവാക്കിയത്. 

ENGLISH SUMMARY:

Idukki land issues are being addressed with an upcoming amendment to the law in October, aiming to resolve 60% of problems. The government assures unconditional land regularization, stating that residential areas will not be declared Environmentally Sensitive Areas (ESA).