മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം. കോണ്‍ഗ്രസും വിവിധ വിദ്യാര്‍ഥി – സന്നദ്ധസംഘടനകളുമാണ് പ്രതിഷേധിച്ചത്. രാജ്യതലസ്ഥാനത്ത് ജന്തര്‍മന്തര്‍ വീണ്ടും പൊലീസ് നടപടിക്ക് സാക്ഷിയായി. ഗ്യാനേഷ് കുമാറിനെതിരെ ഗാന്ധി ജയന്തി ദിനത്തിൽ സമരം തുടങ്ങുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടിയും പ്രഖ്യാപിച്ചു.
ഐസ ദേശീയ പ്രസിഡന്‍റ് നേഹ ബോറ, CPI ML നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, അഡ്വ. പ്രശാന്ത് ഭൂഷണ്‍, സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവ്, മഹുവ മൊയ്ത്ര എംപി തുടങ്ങി നിരവധി പ്രമുഖരാണ് ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചത്. ഡല്‍ഹി പൊലീസിന് പുറമേ അര്‍ധസൈനിക വിഭാഗങ്ങളും സമരം നേരിടാനെത്തിയതോടെ സംഘര്‍ഷം. അനുമതിയില്ലാത്ത സമരമെന്ന് അറിയിച്ച പൊലീസ് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഖരാവോക്ക് മുതിർന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു. ദേശീയ അധ്യക്ഷന്‍ ഉദയ്ബാനു ചിബ് അടക്കമുള്ളവരെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്തു നിന്നും ആരംഭിച്ച മാര്‍ച്ചും പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
അസമില്‍ ഗൗരവ് ഗോഗോയ് എം.പിയെയും ജമ്മുകശ്മീരിൽ നാസിർ ഹുസൈൻ എംപിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. എംപിമാരായ എ.എ.റഹിം, വി.ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ SFI ഡല്‍ഹി പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചും പൊലീസ് തടഞ്ഞു. പ്രതിസേധക്കാരെ കസ്റ്റഡിയിലില്‍ എടുത്തു.
അതേസമയം, വോട്ടുവെട്ടല്‍ ആരോപണത്തില്‍ പ്രതിഷേധം തണുപ്പിക്കാന്‍ നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്താനുള്ള സ്പെഷ്യല്‍ സമ്മറി റിവിഷന്‍ നടത്താനാണ് നീക്കം. എന്നാല്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം വീണ്ടും ഇംപീച്ച്മെന്റ് നീക്കം തുടങ്ങി. ആരോപണങ്ങൾക്ക് കമ്മീഷൻ മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും ആവശ്യപ്പെട്ടു.