യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ ഇന്ന് മുതൽ ദുബായിൽ നിന്ന് അബുദാബിയിലേക്കും ഫുജൈറയിലേക്കും സർവീസ് ആരംഭിക്കും. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായി നടപ്പാലം വഴി ബന്ധിപ്പിച്ചിട്ടുള്ള അൽ യലായിസ് സ്റ്റേഷനിൽ നിന്നാണ് ആദ്യ സർവീസ് തുടങ്ങുന്നത്. ദുബായിക്കും അബുദാബിക്കും ഇടയില്‍ പ്രതിദിനം പത്ത് സര്‍വ്വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഓൺലൈൻ വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും. 'കംഫർട്ട് ക്ലാസ്' ടിക്കറ്റുകൾ വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ബുക്ക് ചെയ്യുമ്പോൾ 39 ദിർഹമാണ് നിരക്ക്. എന്നാൽ സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ വഴി നേരിട്ട് വാങ്ങുമ്പോൾ 60 ദിർഹം നൽകേണ്ടിവരും. ഓൺലൈൻ ബുക്കിങ്ങിലൂടെ യാത്രക്കാര്‍ക്ക് 21 ദിർഹം വരെ ലാഭിക്കാം.
ട്രെയിൻ ടിക്കറ്റിനൊപ്പം 22 ദിർഹം അധികം നൽകിയാൽ ദുബായിൽ ഒരു ദിവസത്തെ അൺലിമിറ്റഡ് യാത്രാസൗകര്യമുള്ള 'നോൽ' പാസും സ്വന്തമാക്കാം. പ്രീമിയം പാസിന് 42 ദിർഹമാണ് നിരക്ക്. സിംഗിൾ ക്യൂആർ കോഡ് ഉപയോഗിച്ച് ട്രെയിനിലും മെട്രോയിലും ബസിലും ഒരുപോലെ യാത്ര ചെയ്യാം.
ദുബായിൽ നിന്ന് അബുദാബിയിലേക്ക് 39 ദിർഹവും ഫുജൈറയിലേക്ക് 29 ദിർഹവുമാണ് ഓണ്‍ലൈന്‍ ടിക്കറ്റ് നിരക്ക്. ഷാർജയിലെ അൽ ദൈദിൽ നിന്ന് 19 ദിർഹം നിരക്കിൽ വെറും 25 മിനിറ്റുകൊണ്ട് ഫുജൈറയിലെത്താം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള ട്രെയിനിൽ വൈഫൈയും ചാർജിങ് പോയിന്റുകളും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് യാത്രയൊരുക്കിയിരിക്കുന്നത്.