വാഹനാപകടത്തിൽ ഇടതുകാൽ മുട്ടിനു താഴെ നഷ്ടപ്പെട്ട പ്രവാസി മലയാളിക്ക് 6,55,341 ദിർഹം (ഏകദേശം 1.7 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. ആറ് ലക്ഷം ദിർഹം പ്രധാന നഷ്ടപരിഹാരവും കോടതിചിലവുകളും ഉൾപ്പെടുന്നതാണ് തുക. തിരുവനന്തപുരം വർക്കല സ്വദേശിയായ സുധീറിനാണ് (38) അനുകൂല വിധി ലഭിച്ചത്.

2025 മേയിൽ അജ്മാനിൽ മറ്റു തൊഴിലാളികൾക്കൊപ്പം കമ്പനി വാഹനത്തിൽ ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നടപ്പാതയിലേക്ക് ഇടിച്ചുകയറി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കമ്പനി സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന സുധീറിന് അപകടത്തിൽ ഇടതുകാലിന് ഗുരുതരമായി പരുക്കേറ്റു. തുടർന്ന് ജബൽ അലിയിലെ എൻഎംസി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ മുട്ടിനു താഴെവച്ച് കാൽ മുറിച്ചുമാറ്റേണ്ടി വന്നു. 

ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സുധീർ. തുടർന്ന് ആയിഷ അൽദഹേരി അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടന്റ് അഡ്വ. ഷംസുദീൻ കരുനാഗപ്പള്ളി മുഖേന ഇൻഷുറൻസ് കമ്പനിക്കെതിരെ ദുബായ് കോടതിയിൽ നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്യുകയായിരുന്നു. ശാരീരിക-മാനസിക വിഷമതകൾ, അംഗവൈകല്യം മൂലമുള്ള തൊഴിൽനഷ്ടം, ഭാവിയിലെ വരുമാനനഷ്ടം, കുടുംബത്തിനുണ്ടായ കനത്ത സാമ്പത്തിക ബാധ്യതകൾ എന്നിവ കോടതിയിൽ ചൂണ്ടിക്കാട്ടി. 

പ്രാഥമിക കോടതി നാല് ലക്ഷം ദിർഹം വിധിച്ചെങ്കിലും ഇതിനെതിരെ നൽകിയ അപ്പീലിൽ അപ്പീൽ കോടതി തുക ആറ് ലക്ഷം ദിർഹമാക്കി ഉയർത്തി. തുടർന്ന് കോടതിച്ചെലവ് ഉൾപ്പെടെ 6,55,341 ദിർഹം ഇൻഷുറൻസ് കമ്പനി സുധീറിന്റെ അക്കൗണ്ടിലേക്ക് കൈമാറി.എന്നാൽ, ജീവിതാവസാനം വരെയുള്ള നഷ്ടങ്ങൾക്ക് ഈ തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ദുബായ് കോർട്ട് ഓഫ് കാസേഷനിൽ വീണ്ടും അപ്പീൽ നടപടിയുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് സുധീർ. 

ENGLISH SUMMARY:

Dubai court compensation has been awarded to an expat who lost his leg below the knee in an accident. This significant payout aims to address his physical and financial losses.