കലിഫോര്‍ണിയയില്‍  കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.തൃശൂർ മണ്ണുത്തി സ്വദേശി അഞ്ജന ഹരിയുടെ സംസ്‍കാരം ഇന്നും തിരുവനന്തപുരം സ്വദേശി ആൻ മേരിയുടെ സംസ്കാരം  നാളെയും നടക്കും. സുഹൃത്തായ പ്രതി  അനില അമേരിക്കൻ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. കൊലപാതക കാരണം ദുരൂഹമായി തുടരുന്നു.

ആഗസ്റ്റ് 28നാണ് അഞ്ജനയെയും, ആൻ മേരിയെയും സുഹൃത്തായ കോട്ടയം സ്വദേശി അനില കൊലപ്പെടുത്തിയത്.അഞ്ജനയെ  മിൽപ്പിറ്റാസിലെ അപ്പാർട്ട്മെന്‍റിന് മുന്നിലേക്ക് വിളിച്ചുവരുത്തി കാറിടിപ്പിച്ച്  കൊലപ്പെടുത്തുകയായിരുന്നു.ഫ്ലാറ്റിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിലാണ് ആൻമേരിയുടെ മൃതദേഹം കണ്ടെത്തിയത്.മൂവരും കുടുംബത്തോടൊപ്പം ഒരേ ഫ്ലാറ്റ് സാമുചയത്തിലാണ് താമസിച്ചിരുന്നത്.ഉറ്റ സുഹൃത്തുക്കളാണ്.

കൊല്ലപ്പെട്ട അഞ്ജനയും ആൻമേരിയും അധ്യാപകരാണ്.അഞ്ജനയുടെ മൃതദേഹം  വിലങ്ങന്നൂരിലെ  ഭർതൃവീട്ടിലെ പൊതുദർശനത്തിന് ശേഷം മണ്ണുത്തി മുടിക്കോട്ടെ വീട്ടിലെത്തിച്ച് അഞ്ചുമണിയോടെ സംസ്കരിക്കും. ആൻമേരിയുടെ മൃതദേഹം കോട്ടയത്തെ ആശുപത്രിയുടെ മോർച്ചറിയിലേക്കാണ് കൊണ്ടുപോവുക.

നാളെ രാവിലെ 11 മണിക്ക് കോട്ടയത്ത്  ഭർത്താവിന്‍റെ വീട്ടിലായിരിക്കും സംസ്കാര ശുശ്രൂഷകൾ. കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ നടുക്കത്തിലാണ് നാടും നാട്ടുകാരും.

California Malayali Women's Bodies Reached Home.: