IRAN-US

 

സമാധാന ശ്രമങ്ങളേയും കരാറും കാറ്റില്‍പ്പറത്തി വീണ്ടും ഇറാനും അമേരിക്കയും നേര്‍ക്കുനേര്‍. ഇറാന്‍റെ വിവിധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോര്‍മുസില്‍ സിംഗപ്പൂര്‍ പതാകയുള്ള കപ്പലിനു നേരെ ഇറാന്‍ ആക്രമണം നടത്തിയതോടെയാണ് മേഖല വീണ്ടും കലാപഭൂമിയാകുന്നത്.

ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി ബഹ്‌റൈൻ ഇന്നലെ ആരോപിച്ചിരുന്നു. ഇറാനിലേക്ക് അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഗൾഫ് മേഖലയിലെ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണങ്ങള്‍ തുടരുകയാണ്. എന്നാല്‍ ഈ ആക്രമണങ്ങള്‍ക്ക് പിന്നാലെ അമേരിക്കയാണ് കരാര്‍ ലംഘനം നടത്തിയതെന്ന് ഇറാന്‍ പ്രതികരിച്ചു. 

ഇന്ന് രാവിലെ തെക്കൻ ലെബനൻ പട്ടണമായ നബതിഹ് അൽ-ഫൗഖയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും രണ്ട് പേർക്ക് പരുക്കേറ്റതായും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലുമായി ഉണ്ടാക്കിയ കരാർ ലംഘിക്കപ്പെടുന്നത് തടയാൻ അമേരിക്ക സഹായിക്കണമെന്നും തെക്കൻ ലെബനനിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ പിന്മാറണമെന്ന് സമ്മർദം ചെലുത്തണമെന്നും ലെബനീസ് പ്രസിഡന്‍റ് ജോസഫ് ഔൺ ട്രംപിനോട് അഭ്യർത്ഥിച്ചു.

വെടിനിർത്തൽ കരാർ ലംഘിച്ചതിന്റെ തിരിച്ചടിയായാണ് ഇറാനിയൻ മിസൈൽ, ഡ്രോൺ സംഭരണ ​​കേന്ദ്രങ്ങൾ, തീരദേശ റഡാർ സൈറ്റുകൾ എന്നിവ യു.എസ് സൈന്യം ആക്രമിച്ചതെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇനി അമേരിക്കക്ക് ന്യായബോധമുള്ളവരായിരിക്കാൻ കഴിയാത്ത ഒരു ഘട്ടം വന്നേക്കാമെന്നും,  തുടങ്ങിയ ജോലി അതുപോലതന്നെ വിജയകരമായി അവസാനിപ്പിക്കാന്‍ സൈന്യം നിർബന്ധിതരാകുമെന്നും ട്രംപ് പറയുന്നു. അങ്ങനെ സംഭവിച്ചാൽ ഇറാൻ എന്ന രാജ്യം ഇനിയുണ്ടാവില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 

ENGLISH SUMMARY: