നരേന്ദ്ര മോദിയെയും ഭരണത്തെയും പ്രശംസിച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും, ഇന്ത്യ തങ്ങളുടെ ഏറ്റവും അടുത്ത തന്ത്രപ്രധാന പങ്കാളിയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം ദൃഢമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെയും ആഗോളതലത്തിൽ വർധിച്ചുവരുന്ന സ്വാധീനത്തെയും അദ്ദേഹം പ്രശംസിച്ചു. കൂടാതെ ഡൊണാൾഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ ശക്തമാക്കുന്നുവെന്നും പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹം കൈവരിച്ച നേട്ടങ്ങളുടെയും വലിയ ആരാധകരാണ് തങ്ങളെന്നും റൂബിയോ ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരം, വിതരണ ശൃംഖല, പ്രതിരോധം, ഊർജ്ജ സുരക്ഷ, സുരക്ഷിതമായ കപ്പൽ ഗതാഗതം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ വ്യാപിപ്പിക്കുമെന്നും റൂബിയോ കൂട്ടിച്ചേർത്തു.
അമേരിക്കയിലെ ഇന്ത്യൻ വംശജർ ഇരുരാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണിയാണെന്നും അമേരിക്കയുടെ വളർച്ചയ്ക്ക് അവർ നൽകുന്ന സംഭാവനകൾ വലുതാണെന്നും അദ്ദേഹം അഭിമുഖത്തിൽ ഓർമ്മിപ്പിച്ചു. വൈറ്റ് ഹൗസിൽ വാർത്താ ഏജൻസിയായ ഐഎഎൻഎസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മാര്‍ക്കോ റൂബിയോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.