ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് സെന്യം തങ്ങളുടെ ജോലി തീര്‍ക്കാന്‍ ഇറങ്ങിയാല്‍ ഇറാന്‍ ബാക്കിയുണ്ടാകില്ല എന്നാണ് ട്രംപിന്റെ ഭീഷണി. ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയതിന് പിന്നാലെയാണ് ദി ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പ്രതികരണം. 'ന്യായവും നീതിയും നോക്കി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായേക്കാം. അങ്ങിനെ വന്നാല്‍ വിജയകരമായി തുടങ്ങിയ ജോലി പൂർത്തിയാക്കാൻ യുഎസ് സൈന്യവും നിർബന്ധിതരാകും. അതുണ്ടായാല്‍ ഇറാൻ ഇനി ബാക്കിയുണ്ടാവില്ല' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിന് മറുപടിയായി ഇറാനിലെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സംവിധാനങ്ങൾക്കും നേരെ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇറാന്റെ 10 സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള സെനിക കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും, എംടി കികു എന്ന കപ്പലിനുനേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിനു തിരിച്ചടിയായാണ് ആക്രമണമെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇതിനിടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ലംഘനമാണിതെന്നും ഇറാന്റെ പ്രവൃത്തി തികച്ചും "വിഡ്ഢിത്തം" ആണെന്നും യു.എസ് പ്രസിഡന്റ് തുറന്നടിച്ചു.