Image Credit: X
യുദ്ധം അവസാനിച്ചുവെന്നും എത്രയും വേഗം മടങ്ങുകയാണെന്നുമുള്ള ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാനെ ആക്രമിച്ച് അമേരിക്ക. ഹോര്‍മുസിന് സമീപമുള്ള ഖ്വേഷം ദ്വീപിലേക്കും ഇറാന്‍ നഗരമായ സിരികിലുമാണ് ആക്രമണമുണ്ടായത്. റഡാര്‍ സൈറ്റുകള്‍ ലക്ഷ്യമിട്ടാണ് യുഎസ് സൈന്യം ആക്രമണം നടത്തിയത്. എന്നാല്‍ ഹോര്‍മുസില്‍ തങ്ങള്‍ക്ക് നേരെ വന്ന ഡ്രോണുകളെ പ്രതിരോധിക്കുക മാത്രമാണ് ഉണ്ടായതെന്നാണ് യുഎസ് സൈന്യത്തിന്‍റെ വിശദീകരണം. ഇനിയും ആക്രമണങ്ങള്‍ ഉണ്ടായാല്‍ തിരിച്ചടിക്കുമെന്നും സെന്‍റ്കോം വ്യക്തമാക്കി. ഇറാന്‍റെ നാല് ഡ്രോണുകള്‍ വെടിവച്ചിട്ടെന്നാണ് യുഎസ് പറയുന്നത്.
ഹോര്‍മുസിലെ ആക്രമണത്തിന് പിന്നാലെ കുവൈത്തിലും ബഹ്റൈനിലും ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പൊട്ടിത്തെറിയുടേതായി കേള്‍ക്കുന്ന ശബ്ദങ്ങള്‍ വ്യോമപ്രതിരോധം ഡ്രോണുകളെ തകര്‍ക്കുന്നതിന്‍റെയാണെന്നും പൊതുജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയുകയും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണമെന്നും കുവൈത്ത് സൈന്യം അറിയിച്ചു. ശത്രുവിന്‍റെ മിസൈലുകളെയും ഡ്രോണുകളെയും ഫലപ്രദമായി ചെറുത്തുവെന്നും സൈന്യം വ്യക്തമാക്കി. ബഹ്റൈനിലും മിസൈല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഏറ്റവുമടുത്ത സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രദേശത്തെ ശത്രുകേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഐആര്‍ജിസിയും സ്ഥിരീകരിച്ചു. യുഎസ് സൈന്യമാണ് ഇറാന്‍ നഗരങ്ങളില്‍ ആദ്യം ആക്രമണം നടത്തിയതെന്നും അതിനുള്ള തിരിച്ചടി നല്‍കിക്കഴിഞ്ഞുവെന്നുമാണ് ഐആര്‍ജിസി വ്യക്തമാക്കുന്നത്. ബഹ്റൈനില്‍ യുഎസ് സൈനികത്താവളത്തില്‍ നിന്ന് പുക പടലങ്ങള്‍ ഉയരുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.