Image Credit : Twitter
ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ച സംഭവത്തില്‍ ഇറാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ നാവികരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്. ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാകണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം യുഎസ് ടോള്‍ ആവശ്യത്തോട് ഇന്ത്യ വ്യക്തമായി പ്രതികരിച്ചില്ല.
ഹോർമുസ് കടലിടുക്കിലെ തെക്കൻ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന 'മൊംബാസ', 'അൽ ബഹിയ' എന്നീ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് കപ്പലുകളിലുമായി ആകെ 46 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 30 പേരും ഇന്ത്യക്കാരാണ്. സംഭവത്തെ തുടർന്ന് ഡൽഹിയിലെ ഇറാൻ ഡെപ്യൂട്ടി അംബാസഡർ മുഹമ്മദ് ജാവേദ് ഹൊസെയ്നിയെ വിളിച്ചുവരുത്തിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കടുത്ത അതൃപ്തിയും ആശങ്കയും അറിയിച്ചത്. കടൽയാത്രികരെ ലക്ഷ്യം വെച്ചും ഹോർമുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ നാവിഗേഷനെ തടസ്സപ്പെടുത്തുന്നതുമായ ഇത്തരം അക്രമങ്ങളെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യ അറിയിച്ചു.
മധ്യേഷ്യൻ മേഖലയിൽ വീണ്ടും ആക്രമണങ്ങളും സംഘർഷങ്ങളും വർദ്ധിക്കുന്നതിലുള്ള ഉത്കണ്ഠയും ഇന്ത്യ ആവര്‍ത്തിച്ചു. മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയ്ക്കായി അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കാനും ചർച്ചകളിലേക്കും നയതന്ത്രത്തിലേക്കും മടങ്ങാനും ഇറാനോട് ഇന്ത്യ ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നാലര മാസത്തിനിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അതേസമയം ഹോര്‍മുസിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് 20 ശതമാനം ടോള്‍ ഏര്‍പ്പെടുത്തുമെന്ന ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയോട് വിദേശകാര്യമന്ത്രാലയം വ്യക്തമായി പ്രതികരിച്ചില്ല.