കൊല്ലത്ത് മന്തി കിട്ടിയില്ലെന്നാരോപിച്ച് യുവാവ് ഹോട്ടല്‍ അടിച്ചുപൊളിച്ചു. കരുനാഗപ്പളളിയിലെ മന്തി മന്‍സില്‍ എന്ന ഹോട്ടലാണ് യുവാവ് അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ തേവലക്കര സ്വദേശി അജ്മലിനെ പൊലീസ് അറസ്റ്റുചെയ്തു. നാലു മന്തി ഓര്‍ഡര്‍ ചെയ്തിടത്ത് മൂന്നെണ്ണമേ കിട്ടിയുളളൂ എന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റ് മൂന്നുപേര്‍ക്കും പരുക്കേറ്റു.

കഴിഞ്ഞ ദിവസം വൈകുന്നേരം 9 മണിക്കാണ് പ്രതി അജ്മല്‍ മന്തി മന്‍സിലില്‍ എത്തിയത്. തുടര്‍ന്ന് 4 മന്തി ഓര്‍ഡര്‍ ചെയ്തു. മന്തി കിട്ടുന്നതുവരെ പുറത്തു സ്കൂട്ടറില്‍ വിശ്രമിക്കുകയും ചെയ്തു. ഓര്‍ഡര്‍ ചെയ്ത മന്തി കയ്യില്‍ കിട്ടിയപ്പോഴാണ് അതില്‍ മൂന്നെണ്ണമേ ഉളളൂവെന്ന് തിരിച്ചറിഞ്ഞത്. ഉടനെ തന്നെ സ്കൂട്ടറിന്‍റെ സീറ്റിനടിയില്‍ കരുതിയ ബിയര്‍ കുപ്പിയെടുത്ത് ഹോട്ടലിന്‍റെ ഗ്ലാസ് വാതില്‍ തല്ലിപ്പൊട്ടിച്ചു.

ശേഷം ഹോട്ടലിനകത്ത് കയറിയ അജ്മല്‍ അവിടെയിരുന്ന കോഫി കെറ്റിലെടുത്ത് കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പൊട്ടിച്ചു. വിവാഹ വാര്‍ഷികത്തിന്‍റെ ഭാഗമായി മന്തി കഴിക്കാന്‍ ഹോട്ടലിലെത്തിയ മൂന്നുപേര്‍ക്കും സംഭവത്തില്‍ പരുക്കേറ്റു. ഇവരിലൊരാളുടെ കൈയ്ക്ക് പൊട്ടലുളളതായും റിപ്പോര്‍ട്ടുണ്ട്. അജ്മല്‍ ആക്രമണം തുടര്‍ന്നതോടെ ഉടമ പൊലീസിനെ വിളിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് അജ്മലിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

യാതൊരു പ്രകോപനവുമില്ലാതെയാണ് അജ്മല്‍ ആക്രമിച്ചതെന്നാണ് ഹോട്ടല്‍ ഉടമയുടെ മൊഴി. മുന്‍പരിചയമില്ലാത്ത ആളാണ് അജ്മലെന്നും ഹോട്ടലുടമ പൊലീസിനോട് പറഞ്ഞു. ആക്രമണത്തിന്‍റെ കാരണം തനിക്കറിയില്ലെന്നും ഹോട്ടലുടമ പരാതിയില്‍ പറയുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഹോട്ടല്‍ റസ്റ്ററന്‍റ് അസോസിയേഷന്‍ അവരുടെ സമൂഹമാധ്യമപേജുകളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് അജ്മലിനെ അറസ്റ്റുചെയ്തിരിക്കുന്നത്.

ENGLISH SUMMARY:

A violent incident in Kollam where a youth vandalized a hotel over an alleged shortage of Mandi. The accused, Ajmal from Thevalakkara, was arrested by the police after the attack caused injuries to other customers.