Image Credit : Twitter

മധ്യപ്രദേശില്‍ പോസ്റ്റൽ അസിസ്റ്റന്‍റായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ മകള്‍ രംഗത്ത്. അച്ഛനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അമ്മ അനുഭവിച്ച അതേ വേദന അയാളും അനുഭവിക്കണമെന്നും 13കാരിയായ മകള്‍ പറഞ്ഞു. അച്ഛന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് മകളുടെ വൈകാരിക പ്രതികരണം. അമ്മയ്ക്ക് നീതി ലഭിക്കണമെന്ന് കരഞ്ഞ് പറയുന്ന മകളുടെ വിഡിയോ സൈബറിടത്ത് വ്യാപകമായി പ്രചരിക്കുകയാണ്.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് പോസ്റ്റൽ അസിസ്റ്റന്‍റായ ഭാര്യയെ ഭർത്താവ് വീട്ടിൽ വെച്ച് കൊലപ്പെടുത്തിയത്. ഊർമ്മിള സൈനി എന്ന 38കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സൻയോഗിതാഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് അഖിലേഷ് സൈനി കടന്നുകളയുകയായിരുന്നു. ഊര്‍മ്മിളയുടെ വാട്സ് ആപ്പ് അഖിലേഷ് സ്വന്തം ഫോണുമായി ബന്ധപ്പിച്ച് നിത്യേന മെസേജുകള്‍ പരിശോധിക്കുമായിരുന്നെന്നും ഇതിന്‍റെ പേരില്‍ ഇരുവരും വഴക്കിടാറുണ്ടായിരുന്നെന്നും മകള്‍ പൊലീസിനോട് പറഞ്ഞു. അച്ഛനും അമ്മയും തമ്മിലുളള വഴക്കിനിടയില്‍ താനോ സഹോദരനോ ഇടപെടാന്‍ ചെന്നാല്‍ തങ്ങളെയും അച്ഛന്‍ മര്‍ദിക്കുമായിരുന്നെന്നും മകള്‍ പൊലീസിന് മൊഴി നല്‍കി. 

മക്കള്‍ രണ്ടുപേരും സ്കൂളില്‍ പോയ സമയത്തായിരുന്നു അഖിലേഷ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. വൈകിട്ട് വീട്ടിലെത്തിയ മക്കള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മ ഊര്‍മ്മിളയെയാണ്. ഉടന്‍ തന്നെ ഇരുവരും മുത്തച്ഛനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും അഖിലേഷിനെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ അഖിലേഷിനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് അമ്മയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മകള്‍ രംഗത്തെത്തിയത്. 

പിതാവിനെ ജീവനോടെ പിടികൂടണമെന്നും തന്റെ അമ്മ അനുഭവിച്ച അതേ വേദന അയാളും അനുഭവിക്കണമെന്നാണ് മകൾ ആവശ്യപ്പെട്ടത്. എൻകൗണ്ടറോ വധശിക്ഷയോ അല്ല മറിച്ച് നിയമത്തിന് മുന്നിലെത്തിച്ച് പ്രതിക്ക് അർഹമായ ശിക്ഷ നൽകണമെന്നായിരുന്നു മകളുടെ ആവശ്യം. 

 

ENGLISH SUMMARY:

Daughter Seeks Justice for Murdered Postal Assistant Mother in Indore