ഇറാന്‍റെ വിമാനം ഇറങ്ങാതിരിക്കാന്‍ സന രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ മിസൈലാക്രമണം നടത്തി സൗദി. വിമാനത്താവളത്തില്‍ നിന്ന് കനത്ത കറുത്ത പുകപടലങ്ങളും തീയും ഉയരുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. റണ്‍വേയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ആയത്തുല്ല അലി ഖമനയിയുടെ കബറടക്കത്തില്‍ പങ്കെടുക്കാന്‍ പോയ ഹൂതി നേതാക്കളെ തിരിച്ച് യെമനിലെത്തിക്കാന്‍ ഇറാന്‍ അയച്ച വിമാനം തടയുന്നതിനായിരുന്നു നടപടി. ഇറാന്‍റെ പിന്തുണയുള്ള ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ് വടക്കന്‍ യെമന്‍. വെടിനിര്‍ത്തല്‍ ലംഘിച്ചുള്ള ഈ നടപടിക്ക് വലിയ തിരിച്ചടി സൗദി നേരിടേണ്ടി വരുമെന്ന് ഹൂതികള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ഇറാന്‍ വിമാനങ്ങളെ ചെറുക്കുന്നതിനായാണ് സൗദി ആക്രമിച്ചതെന്നാണ് വിശദീകരണമെങ്കിലും വെടിനിര്‍ത്തല്‍ കരാറിന്‍റെ ലംഘനമായാണ് ഹൂതികള്‍ ഇതിനെ കാണുന്നത്. കരാറിന് ശേഷം ഇതാദ്യമായാണ് സൗദി ഇത്തരമൊരു ആക്രമണം നടത്തുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയുടെ പിന്തുണയുള്ള സര്‍ക്കാരാണ് യെമന്‍ ഭരിക്കുന്നത്. ഇവര്‍ വടക്കന്‍ യെമനിലുള്ള ഹൂതികളുമായി ദീര്‍ഘകാലമായി കനത്ത പോരാട്ടത്തിലുമാണ്.
ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ കബറടക്കത്തില്‍ പങ്കെടുക്കുന്നതിനായി ഹൂതി സംഘത്തെ കൊണ്ടുപോകാന്‍ ഇറാന്‍ കഴിഞ്ഞ ദിവസം യെമനിലേക്ക് വിമാനം അയച്ചിരുന്നു. ആ സമയത്ത് ഇറാന്‍റെ വിമാനങ്ങളെ തടയാന്‍ സൗദിയുടെ വിമാനങ്ങള്‍ വ്യോമപാതയില്‍ അതിക്രമിച്ച് കയറിയെന്നും ഹൂതി നേതാക്കള്‍ നേരത്തേ ആരോപിച്ചിരുന്നു.'ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നേ പറയാനുള്ളൂ. ഈ അക്രമത്തിന് ഉചിതമായ പ്രതികരണം ഉണ്ടാകുമെന്നും യെമന്‍റെ പരമാധികാരത്തിന് മേലുണ്ടായ കടന്നുകയറ്റം അനുവദിക്കാന്‍ കഴിയില്ലെ'ന്നും ഹൂതി നേതാവായ താഹ്ര്‍ അല്‍ അഖ്വിലി പറഞ്ഞു. ഖമനയിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുമായി വന്ന ഇറാന്‍റെ വിമാനം പിന്നീട് ഹൊദെയ്ദ വിമാനത്താവളത്തില്‍ ഇറക്കി.