Image Credit: x/AMK_Mapping_
അമേരിക്കയുടെ രണ്ടാമത്തെ എഫ്–35 സ്റ്റെല്‍ത്ത് യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാന്‍. മധ്യ ഇറാനില്‍ വച്ചാണ് വിമാനം വെടിവച്ചിട്ടതെന്നും പൈലറ്റ് ജീവനോടെ ശേഷിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്നും ഇറാന്‍റെ ഖതം അല്‍ അന്‍ബിയയുടെ പ്രസ്താവനയില്‍ പറയുന്നു. ഇറാന്‍റെ വ്യോമപ്രതിരോധം ലക്ഷ്യമിട്ടാണ് F-35 ലൈറ്റനിങ് II എത്തിയതെന്നും RAFലേക്ക് ഹീത് സ്ക്വാഡ്രണിന്‍റെ ഭാഗമായിരുന്നു വിമാനമെന്നും ഇറാന്‍ പറയുന്നു. വിമാനം പൊട്ടിത്തെറിച്ചുവെന്നും പൈലറ്റിനും ജീവന്‍ നഷ്ടമായെന്നാണ് കരുതുന്നതെന്നുമാണ് പ്രസ്താവനയില്‍ വിശദീകരിക്കുന്നത്. അതേസമയം, ഇറാന്‍ സൈന്യത്തിന്‍റെ വാദത്തില്‍ അമേരിക്ക ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ടെല്‍ അവീവില്‍ പുലര്‍ച്ചെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കെട്ടിടവും റെയില്‍വേ സ്റ്റേഷനുമടക്കം തകര്‍ന്നു. ടെല്‍ അവീവിലെ സവിദോര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് മിസൈല്‍ പതിച്ചതെന്ന് ഇസ്രയേല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ കെഎഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ ടെല്‍ അവീവിലെ ഒന്‍പതിങ്ങളില്‍ പതിച്ചതായാണ് പ്രാദേശിക പത്രത്തിന്‍റെ റിപ്പോര്‍ട്ട്. ഇസ്രയേലില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റുവെന്ന് ചാനല്‍ 12ഉം റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പര്‍ ഗലീലിയില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ടെല്‍ ഹായ്, തെറ്റുല, മല്‍കിയ, കിര്യത് ഷോമ്ന എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്. പടിഞ്ഞാറന്‍ ഗലീലിയില്‍ ശത്രുവിമാനത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതായും ഐഡിഎഫ് പറയുന്നു.
ഇറാനിലെ ഏറ്റവും വലിയ പാലം വ്യോമാക്രമണത്തിലൂടെ അമേരിക്ക തകര്‍ത്തതിന്‍റെ ദൃശ്യങ്ങള്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ടിരുന്നു. കറാജിലെ തന്ത്രപ്രധാന പാലമാണ് തകര്‍ന്നത്. ഇതിന് പിന്നാലെ കുവൈത്തിലെ ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബ കടല്‍പ്പാലം, സൗദി അറേബ്യയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ, യുഎഇയിലെ ഷെയ്ഖ് സയീദ്, ഷെയ്ഖ് ഖലീഫ പാലങ്ങള്‍, ജോര്‍ദനിലെ കിങ് ഹുസൈന്‍, ദാമിയ, അബ്ദൗന്‍ പാലങ്ങള്‍ എന്നിവ തകര്‍ക്കുമെന്നാണ് ഇറാന്‍റെ ഭീഷണി. അടിക്ക് തിരിച്ചടിയുണ്ടാകുമെന്നും പ്രതിരോധിക്കാന്‍ ഇറാന്‍ അവകാശമുണ്ടെന്നും ഫാര്‍സ് ന്യൂസ് ഏജന്‍സി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.