Image Credit: Reuters

ടെഹ്റാനില്‍ രാത്രി നടത്തിയ കനത്ത വ്യോമാക്രമണത്തിന് തിരിച്ചടിയായി തെക്കന്‍ ഇസ്രായേലില്‍ മിസൈല്‍ വര്‍ഷവുമായി ഇറാന്‍. കനത്ത നാശനഷ്ടമാണ് ഇസ്രയേലില്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ അമേരിക്കയും ഇസ്രയേലും ചെയ്തത് കൊടിയ പാതകമാണെന്നും നിരാശരാകേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പുമായി ഖമനയിയുടെ എക്സ് അക്കൗണ്ടില്‍ ട്വീറ്റ് പ്രത്യക്ഷപ്പെട്ടു.'സയണിസ്റ്റ് ഭരണകൂടം വരുത്തിയത് പൊറുക്കാനാവാത്ത തെറ്റ്. കടുത്ത നിരാശയാകും ഫലം' എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. 

Tehran (Image Credit: AFP)

മൂന്ന് ഭാഗങ്ങളായി തിരിച്ച പ്രതീകാത്മക ചിത്രമാണ് കുറിപ്പിനൊപ്പമുള്ളത്. ഇറാന്‍റെ ശാസ്ത്രജ്ഞര്‍ മിസൈല്‍ നിര്‍മാണശാലയില്‍ നില്‍ക്കുന്ന ചിത്രം ഏറ്റവും താഴെയും മധ്യഭാഗത്തായി മരുഭൂമിയില്‍ ഇറാന്‍ പതാകയുടെ പശ്ചാത്തലത്തില്‍ സൈനികര്‍ ലോഞ്ചറിനടുത്ത് നില്‍ക്കുന്നതും ഏറ്റവും മുകളിലെ ഭാഗത്ത് മിസൈലിന്‍റെ മുന നഗരങ്ങള്‍ക്ക് മേല്‍ തീമഴയായി പതിക്കുന്നതുമാണ് ചിത്രം. ഖമനയിയുടെ മരണത്തിന് പിന്നാലെ എക്സിലെ ബയോയില്‍ ഇസ്​ലാമിക വിപ്ലവത്തിന്‍റെ ധീര രക്തസാക്ഷിയെന്നാണ് മാറ്റിയിരിക്കുന്നത്. ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിലും മധ്യപൂര്‍വ ദേശത്തെ യുഎസ് സൈനികത്താവളങ്ങളിലും കനത്ത മിസൈല്‍ ആക്രമണമാണ് ഇറാന്‍ നടത്തുന്നത്. 

അതേസമയം, ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അങ്ങനെയെങ്കില്‍ രാജ്യത്തെ പുനര്‍നിര്‍മിക്കാന്‍ അമേരിക്ക സഹായിക്കാമെന്നും ട്രംപ് പറഞ്ഞു. 'നിരുപാധികം കീഴടങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇറാന് മുന്നില്‍ ഇല്ലെ'ന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. ബെയ്റൂട്ടിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിലും ടെഹ്റാനിലും കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്‍റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 'നാശത്തിന്‍റെ പടുകുഴിയില്‍ നിന്ന് ഇറാനെ കരകയറ്റാനും സമ്പദ്ഘടനയെ വലിയതും മെച്ചപ്പെട്ടതും കരുത്തുറ്റതുമാക്കാനും അമേരിക്കയും സഖ്യകക്ഷികളും സഹായിക്കാമെന്നും ' ഇറാനെ വീണ്ടും മഹത്തരമാക്കാ'മെന്നും ട്രംപ് കുറിപ്പില്‍ പറയുന്നു.

അതേസമയം, ഇന്നലെ രാവിലെയും രാത്രിയുമായി ടെഹ്റാനില്‍ മുന്നൂറോളം കേന്ദ്രങ്ങളില്‍ കനത്ത ആക്രമണമാണ് നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേല്‍–യുഎസ് ആക്രമണങ്ങളിലായി 1332 പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടതായി റെഡ് ക്രസന്‍റ് സ്ഥിരീകരിച്ചു. എട്ടുദിവസമായി അയവില്ലാതെ യുദ്ധം തുടരുകയാണ്. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 212 ലേറെപ്പേര്‍ ഇതിനകം കൊല്ലപ്പെട്ടു.

ENGLISH SUMMARY:

Following the intense Israeli airstrikes on Tehran, Iran has retaliated with a massive missile barrage targeting southern Israel on March 7, 2026. Despite the assassination of Supreme Leader Ayatollah Khamenei, his official X account posted a defiant warning, stating that the 'Zionist regime' has made an unforgivable mistake. The post featured a symbolic image of Iranian scientists and missiles raining down on cities, while the account bio was updated to label Khamenei a 'Martyr of the Islamic Revolution.' Meanwhile, US President Donald Trump has demanded Iran's unconditional surrender via Truth Social, offering to help rebuild the nation if they comply. As Operation Epic Fury escalates, Iran continues to target US military bases across the Middle East.