സൗദി അറേബ്യയും ഖത്തറും തങ്ങളുടെ രാജ്യങ്ങളിൽ ബോംബാക്രമണം നടത്താൻ പദ്ധതിയിട്ട മൊസാദ് ഏജന്റുമാരെ അറസ്റ്റ് ചെയ്തുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസിലെ യാഥാസ്ഥിതിക മാധ്യമപ്രവർത്തകനും പോഡ്‌കാസ്റ്ററുമായ ടക്കർ കാൾസൺ.

"ഇറാനെതിരെ അമേരിക്കയും ഇസ്രയേലും വ്യോമാക്രമണം നടത്തുന്നതിനിടെ, സൗദി അറേബ്യയിലും ഖത്തറിലും സമാന്തരമായി ബോംബാക്രമണം നടത്താൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നു. മൊസാദ് ഈ വ്യാജ ബോംബിങ് ആസൂത്രണം ചെയ്തത് ഗൾഫ് രാജ്യങ്ങളെ ഇറാനെതിരെ തിരിക്കാൻ വേണ്ടിയാണ്. അങ്ങനെയല്ലെങ്കിൽ ഇറാൻ ആക്രമിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ ഇസ്രയേൽ എന്തിനാണ് ബോംബാക്രമണം നടത്തുന്നത്?. അവർ ഒരേ പക്ഷത്താണെന്നല്ലേ വെയ്പ്.

ഇറാൻ, ഖത്തർ, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളെ മുറിവേൽപ്പിക്കാനാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്. ഇത് മനസിലാക്കിയ റിയാദിലെയും ദോഹയിലെയും രഹസ്യാന്വേഷണ ഏജൻസികളാണ് ഇസ്രയേലിന്റെ ഏജന്റുമാരെ കസ്റ്റഡിയിലെടുത്തത്.

പിടിയിലായ മൊസാദ് ഏജന്റുമാർ ഇസ്രയേലിന്റെ വെറും ചാരന്മാർ മാത്രമായിരുന്നില്ല. മറിച്ച് ബോംബാക്രമണങ്ങൾ നടത്താൻ നിയോഗിക്കപ്പെട്ട പരിശീലനം ലഭിച്ച ആളുകളായിരുന്നു. അമേരിക്കൻ ഭരണകൂടം ഇതിനെക്കുറിച്ച് നല്ല അറിവുള്ളവരാണ്. സ്വന്തം സഖ്യത്തിലുള്ള ഗൾഫ് രാജ്യങ്ങളെ പരിഗണിക്കാതെ, ഇസ്രയേലിനെ സംരക്ഷിക്കുന്ന നിലപാടാണ് അമേരിക്ക കൈക്കൊള്ളുന്നത്"- ടക്കർ കാൾസൺ ആരോപിക്കുന്നു.

കാൾസന്റെ അതീവ ​ഗുരുതരമായ ആരോപണങ്ങളിൽ സൗദി അറേബ്യയും ഖത്തറും ഇസ്രയേലും മൗനം തുടരുകയാണ്. ശനിയാഴ്ച അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തിന് ശേഷമാണ്, അവർക്കെതിരെ ​ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളുമായി കാൾസൻ രം​ഗത്തെത്തിയത്.

അതേസമയം, യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് ബേസുകളും എംബസികളും ലക്ഷ്യമാക്കി ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുക്കുകയാണ്. ജിസിസി രാജ്യങ്ങൾ ഇറാനെതിരെ കടുത്ത നിലപാട് എടുക്കുന്ന ഘട്ടത്തിലേക്കാണ് ആക്രമണം നീങ്ങുന്നത്.

എന്നാൽ ഇറാനുമായുള്ള ബന്ധം ജിസിസി രാജ്യങ്ങള്‍ പൂര്‍ണമായി വിച്ഛേദിച്ചിരുന്നില്ല എന്നതിന്‍റെ തെളിവാണ് ഇറാനുമായുള്ള വ്യാപാരബന്ധം. ഇറാനില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തും ഇറാനിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തും ഇരുകൂട്ടരും നല്ല ബന്ധത്തിലാണ്. ഇറാന്‍ കയറ്റുമതിക്കായി കൂടുതല്‍ ആശ്രയിക്കുന്ന ജിസിസി രാജ്യം യുഎഇ ആണ്. 2024ലെ കണക്ക് പ്രകാരം യുഎഇ ഇറാനില്‍ നിന്ന് 7.2 ബില്യന്‍ ഡോളറിന്‍റെ ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്.

ENGLISH SUMMARY:

Tucker Carlson has revealed that Saudi Arabia and Qatar have arrested Mossad agents who were planning bombings in their countries. This revelation comes after the US and Israel conducted airstrikes on Iran.