Image Credit:AFP

Image Credit:AFP

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്‍റെ ആസ്ഥാനം തകര്‍ത്തുവെന്ന് അമേരിക്ക. കഴിഞ്ഞ 47  വര്‍ഷത്തിനിടെ ആയിരത്തിലേറെ അമേരിക്കക്കാരുടെ ജീവനെടുത്ത ഇറാന്‍ സൈന്യത്തിന്‍റെ ആസ്ഥാനം തകര്‍ത്തുവെന്നായിരുന്നു എക്സിലൂടെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ പ്രഖ്യാപനം. 'പാമ്പിന്‍റെ തല തകര്‍ത്തു. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന് ഇനി ആസ്ഥാനമില്ല. അമേരിക്കയാണ് ലോകത്തിലെ ഏറ്റവും കരുത്തരായ സൈനിക ശക്തി' എന്നായിരുന്നു പ്രസ്താവന.

എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ ഇറാനെതിരായ സൈനിക നടപടികൾ തുടരുമെന്ന് ഡോണൾഡ് ട്രംപ് ആവര്‍ത്തിച്ചു. സൈനിക നടപടിക്ക് നാലാഴ്‌ച വരെ സമയം എടുത്തേക്കാമെന്നും എന്നാല്‍ സംഘര്‍ഷത്തില്‍ ഇറാന്‍റെ പുതിയ നേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് താല്‍പര്യമുണ്ടെന്ന് അറിയിച്ച് ഇറാന്‍ തന്നെ സമീപിച്ചെന്നും എന്നാല്‍ കഴിഞ്ഞ ആഴ്ചയായിരുന്നു ഈ നിലപാട് എടുക്കേണ്ടിയിരുന്നത് എന്നുമാണ് താന്‍ മറുപടി നല്‍കിയതെന്നും ട്രംപ് വെളിപ്പെടുത്തി. ഇറാനിലെ കാര്യങ്ങള്‍ താന്‍ നിശ്ചയിച്ചുകഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു. അതേസമയം  ഇറാന്‍റെ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ട്രംപ് കൂടുതൽ സൈനികർക്ക് ജീവഹാനി സംഭവിച്ചേക്കാമെന്നും ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.  

ഇറാന്‍റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യവും ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഐആര്‍ജിസി, രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍, ഇറാന്‍ സൈന്യത്തിന്‍റെ എയര്‍ ഫോഴ്സ് കമാന്‍ഡ് സെന്‍ററുകള്‍, ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങള്‍ എന്നിവയാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാന്‍റെ സൈനികശേഷിക്ക് കാര്യമായ പ്രഹരം ഏല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സൈന്യത്തിലെ ഉന്നതര വധിച്ചതോടെ ഛിന്നഭിന്നമാക്കാന്‍ കഴി​ഞ്ഞുവെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു. 

ശനിയാഴ്ച ആരംഭിച്ച ഇസ്രയേല്‍–യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി, സൈനിക കമാന്‍ഡ് മുഹമ്മദ് പാക്പൗര്‍, പ്രതിരോധമന്ത്രി നാസിര്‍സാദെ തുടങ്ങിയ പ്രമുഖര്‍ കൊല്ലപ്പെട്ടിരുന്നു.  ഇന്നലെയാണ് 66കാരനായ ആലിറെസ അറഫിക്ക് ഇറാന്‍ താല്‍കാലിക ഭരണച്ചുമതല നല്‍കിയത്. പുതിയ പരമോന്നത നേതാവിനെ തിര‍ഞ്ഞെടുക്കുന്നത് വരെ അറഫിക്കാകും ചുമതല.

 

ENGLISH SUMMARY:

In a major military escalation, the U.S. Central Command announced the total destruction of the Islamic Revolutionary Guard Corps (IRGC) headquarters in Tehran. Describing the move as "crushing the head of the snake," the U.S. asserted its military dominance after decades of conflict with the elite Iranian unit. Simultaneously, Israel intensified strikes on Iran’s intelligence hubs, air force command centers, and domestic security facilities, claiming to have significantly dismantled Iran's defensive capabilities. Following the death of Supreme Leader Ayatollah Khamenei and top military commanders, Alireza Arafi has been appointed as the interim leader. As of March 2, 2026, the joint US-Israeli offensive has crippled the Iranian command structure, pushing the region into an unpredictable new phase.