യു.എസ് ആക്രമണം നടത്തിയ ആണവ കേന്ദ്രങ്ങളില്‍ പൊട്ടാത്ത ബോംബുകളുടെ ഭാഗങ്ങള്‍ ഉള്ളതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാചി. 2025 ജൂണില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ ഉപയോഗിച്ച ബോംബുകളാണിവ. രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ ഗ്രോസിയുമായി ഇക്കാര്യം സംസാരിച്ചിരുന്നതായും അരഗാചി പറഞ്ഞു. 

'അമേരിക്കയ്ക്ക് ഞങ്ങളുടെ 'അണുബോംബി'നെ പേടി'; കപ്പല്‍പ്പട മുഴുവന്‍ വന്നാലും കുലുങ്ങില്ല; ഇറാന്‍

സൈനിക നടപടി നേരിട്ട ആണവ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് എന്തെങ്കിലും പ്രത്യേക നിയമമോ പ്രോട്ടോകോളോ ഉണ്ടോ എന്നായിരുന്നു ചോദ്യം. അദ്ദേഹം ഇല്ലെന്ന് മറുപടി നല്‍കി എന്നാണ് അരഗചി ഇരാന്‍ യങ് ജേര്‍ണലിസ്റ്റ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞത്. സുരക്ഷാകാര്യങ്ങളില്‍ ധാരണയായതിന് ശേഷം മാത്രമെ പരിശോധന നടക്കുകയുള്ളൂവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. 

ഇസ്രയേലുമായുള്ള 12 ദിവസത്തെ സംഘര്‍ഷത്തിന് അവസാന സമയത്താണ് യു.എസ് ഇറാന്‍റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഇറാന്‍റെ ഫോര്‍ദോ, നതാന്‍സ് , ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു യു.എസ് ആക്രമണം. ആക്രമണത്തില്‍ ഇറാന്റെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ്, റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ, നിരവധി മുതിർന്ന കമാൻഡർമാർ, ആണവ ശാസ്ത്രജ്ഞർ എന്നിവർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. 

ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് യു.എസ് ഇവിടെ പ്രയോഗിച്ചത്. എത്ര ശക്തമായ ആഴത്തിലുള്ള ഭൂഗര്‍ഭ കേന്ദ്രങ്ങളെയും തകര്‍ക്കാന്‍ കഴിയുന്നവയാണ് ബങ്കര്‍ ബസ്റ്റര്‍ ജിബിയു 57 എംഒപി ബോംബുകള്‍. 13600 കിലോ ഗ്രാം ഭാരമുള്ള ഈ ബോംബിന് എത്ര ശക്തമായ പ്രതിരോധത്തെയും തച്ചുടയ്ക്കാന്‍ സാധിക്കും. 20 അടി നീളമുള്ള ഈ ബോംബ് ബി2 വിമാനത്തില്‍ മാത്രമേ പ്രയോഗിക്കാനാവൂ. 

അതേസമയം ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്‍ യുഎസിനെ വിശ്വസിക്കുന്നില്ലെന്നും അരഗാചി പറഞ്ഞു. ''എല്ലാവഴിയും നോക്കി പരാജയപ്പെട്ടപ്പോള്‍ അവര്‍ ചര്‍ച്ചയ്ക്ക് എത്തിയിരിക്കുകയാണ്. ഈ ചര്‍ച്ച എവിടേക്കാണ് പോകുന്നത് എന്നതില്‍ ഒരു ധാരണയുമില്ല. ഞങ്ങള്‍ക്ക് അവരെ വിശ്വാസമില്ല. വഞ്ചനയ്ക്ക് സാധ്യതയുണ്ട്'' എന്നാണ് അരഗാചി പറഞ്ഞത്. 

കഴിഞ്ഞ ആഴ്ചയിലാണ് ഒമാനിലെ മസ്ക്കറ്റില്‍ യു.എസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. മികച്ച രീതിയില്‍ അവസാനിച്ച ആദ്യഘട്ടത്തിന്‍റെ തുടര്‍ ചര്‍ച്ചകള്‍ വരുന്ന ആഴ്ചയിലും ഉണ്ടാകും എന്നാണ് ട്രംപ് പറഞ്ഞത്. യുഎസ് ഉപരോധങ്ങൾ നീക്കുന്നതിന് പകരം തങ്ങളുടെ ആണവ പദ്ധതി ആയുധമാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിരീക്ഷണവും പരിശോധനകളും അനുവദിക്കാം എന്നാണ് ഇറാന്‍ വാഗ്ദാനം. എന്നാല്‍ ആണവായുധം വികസിപ്പിക്കുന്നതിനുള്ള സാധ്യത മുന്നില്‍ കണ്ട് യുറേനിയം സമ്പുഷ്ടീകരണം തുടരാന്‍ ഇറാനെ അനുവദിക്കാനാകില്ലെന്ന് യു.എസും നിലപാടെടുത്തു. യു.എസുമായുള്ള ചര്‍ച്ചയില്‍ ആണവ പ്രശ്നം മാത്രമേ സംസാരിക്കുന്നുള്ളൂ എന്നാണ് ഇറാന്‍റെ നിലപാട്. 

ENGLISH SUMMARY:

Iran's Foreign Minister Abbas Araghchi stated that unexploded bunker buster bombs from a June 2025 US aerial attack remain at Iran's nuclear facilities. He discussed this with IAEA Director Rafael Grossi, noting that inspections would only proceed after security understandings are reached.