(FILES) (COMBO) This combination of pictures created on November 07, 2024 shows Iran's supreme leader Ayatollah Ali Khamenei (L) speaks after casting his ballot during the runoff presidential election in Tehran on July 5, 2024, and former US President and Republican presidential candidate Donald Trump (R) waves at supporters at the end of a campaign rally at PPG Paints Arena in Pittsburgh, Pennsylvania on November 4, 2024. President Donald Trump said June 21, 2025 the US military has carried out a "very successful attack" on three Iranian nuclear sites, including the crucial underground uranium enrichment facility at Fordo. Trump said a "full payload of BOMBS" was dropped on Fordo, in a surprise announcement that came just two days after he had apparently opened a two-week window for diplomacy. (Photo by ATTA KENARE and CHARLY TRIBALLEAU / AFP)
അമേരിക്കന്‍ കപ്പല്‍പ്പട കൂട്ടത്തോടെ വന്നാലും ഒരു ഭയപ്പാടും ഇല്ലെന്ന് ഇറാന്‍. ഇറാന്‍ എന്ത് ചെയ്യണം, ചെയ്യേണ്ട എന്ന് പഠിപ്പിക്കാന്‍ ലോകത്തെ ഒരു രാജ്യത്തിനും അവകാശമില്ല. അതിനായി യുദ്ധഭീഷണി പ്രയോഗിച്ചാലും വകവയ്ക്കില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗാച്ചി പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്താന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ ഇറാന്‍ മുന്നോട്ട് വച്ച കാര്യങ്ങളെ യുഎസ് ഗൗരവമായി എടുത്തിട്ടുണ്ടോയെന്നതില്‍ തനിക്ക് സംശയമുണ്ടെന്നും റഷ്യയും ചൈനയുമായും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇറാന്‍ സംസാരിക്കുമെന്നും അരഗാച്ചി വ്യക്തമാക്കി.
'യുദ്ധം അടിച്ചേല്‍പ്പിച്ചിട്ടും യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കില്ലെന്നും നിര്‍ത്തില്ലെന്നും ഞങ്ങള്‍ പറയുന്നതെന്ത് കൊണ്ടാണെന്ന് അറിയാമോ? ഞങ്ങളെന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ പുറത്ത് നിന്നൊരാളും വരേണ്ടതില്ലെന്ന് വ്യക്തമാക്കാനാണ്. അമേരിക്കയുടെ സൈനിക വിന്യാസം ഞങ്ങളെ ഒട്ടും ഭയപ്പെടുത്തുന്നില്ല'- അരഗാച്ചി തുറന്നടിച്ചു.
ഇസ്രയേലും അമേരിക്കയും ജൂണില്‍ നടത്തിയ 12 ദിന യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് യുഎസുമായി ചര്‍ച്ചകള്‍ക്ക് ഇറാന‍് തയാറായത്. അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കണമെന്നാണ് ഇറാന്‍റെ ആവശ്യം. ഇറാന്‍ ആണവ പദ്ധതിയേ ഉപേക്ഷിക്കണമെന്നും കൈവശമുള്ള യുറേനിയം സമ്പുഷ്ടീകരിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് യുഎസിന്‍റെ ആവശ്യം. ഇതിന് ഇറാന്‍ വഴങ്ങിയിട്ടില്ല, വഴങ്ങുകയുമില്ലെന്ന ഉറച്ച നിലപാടാണ് അരഗാച്ചി ലോകത്തോട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാനില്‍ വച്ചാണ് ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്. ' അവര്‍ ഞങ്ങളുടെ അണുബോംബിനെ ഭയക്കുന്നു. ഞങ്ങളുടെ കയ്യിലാവട്ടെ അങ്ങനെയൊന്നില്ല. അതിന് ശ്രമിക്കുന്നതുമില്ല. വന്‍ശക്തികളോട് നോ പറയാനുള്ള കഴിവാണ് ഞങ്ങളുടെ അണുബോംബ്'– അരഗാച്ചി വ്യക്തമാക്കി.
എന്നാല്‍ ഇറാന്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്നും ആണവായുധം ലക്ഷ്യമല്ലെന്ന ഇറാന്‍റെ വാദം കളവാണെന്നുമായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിദയോന്‍ സറിന്‍റെ പ്രതികരണം. ചര്‍ച്ചയില്‍ ഇറാന്‍റെ ആണവ പദ്ധതിക്ക് പുറമെ ബലിസ്റ്റിക് മിസൈലിന്‍റെയും ഗറില്ല ഗ്രൂപ്പുകള്‍ക്കുള്ള സഹായത്തിന്‍റെ കാര്യങ്ങളും കൂടി ഉള്‍പ്പെടുത്തണമെന്നാണ് യുഎസും ഇസ്രയേലും ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ആണവകാര്യത്തിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഒന്നും തന്നെ ചര്‍ച്ചയ്ക്കെടുക്കില്ലെന്ന് ഇറാനും നിലപാടെടുത്തു. തുറന്ന മനസോടെയാണ് ഇറാന്‍ ചര്‍ച്ചയില്‍ പങ്കാളികളാകുന്നതെന്നും എന്നാല്‍ ചര്‍ച്ച തുടരുന്നതിനിടെയും പുതിയ ഉപരോധങ്ങളും കൂടുതല്‍ സേനാവിന്യാസവും നടത്തുന്നത് ചര്‍ച്ചയിലുള്ള അമേരിക്കയുടെ ആത്മാര്‍ഥതയെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണെന്നും ഇറാന്‍ പറയുന്നു.