Image Credit: x/Osinttechnical

അമേരിക്കയ്ക്കും ഇസ്രയേലിനുമൊപ്പം ചേര്‍ന്ന് യുഎഇ ഇറാനെതിരെ യുദ്ധം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ആദ്യം ഇറാന്‍റെ ലവാന്‍ ദ്വീപിലെ എണ്ണ ശുദ്ധീകരണശാല ആക്രമിച്ചത് യുഎഇ ആണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സമയത്താണ് ആക്രമണം ഉണ്ടായതെന്നും യുഎഇയുടെ ഭാഗത്ത് നിന്നുണ്ടായ സൈനിക നടപടിയെ യുഎസ് സ്വാഗതം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

യുഎഇയ്ക്ക് പുറമെ യുദ്ധത്തില്‍ ചേരാന്‍ താല്‍പര്യമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കെല്ലാം ആക്രമണം നടത്താമെന്ന നിലപാടും യുഎസ് കൈക്കൊണ്ടുവെന്നും വെടിനിര്‍ത്തല്‍ പൂര്‍ണമായും നിലവില്‍ ഇല്ലാത്തതിനാല്‍ ആക്രമണങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. 

ഇറാനിലെ ലവാന്‍ ദ്വീപിലേക്കുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയായി യുഎഇയിലേക്കും കുവൈത്തിലേക്കും പുലര്‍ച്ചെ ആക്രമണം നടത്തിയതായി ഏപ്രില്‍ എട്ടിന് ഐആര്‍ഐബി വ്യക്തമാക്കിയിരുന്നു.  ലവാന് നേരെ ഭീരുക്കളാണ് ആക്രമണം നടത്തിയതെന്നും ഇറാന്‍ അന്ന് ആരോപിച്ചിരുന്നു. 17 മിസൈലുകളും 35 ഡ്രോണുകളുമാണ് ഇറാന്‍ തിരിച്ചടിയായി യുഎഇയിലേക്ക് തൊടുത്തത്. 

2020 ലെ കണക്ക് അനുസരിച്ച്  ഇറാനിലെ പത്താമത്തെ വലിയ റിഫൈനറിയാണ് ലവാന്‍. 60,000 ബാരല്‍ ക്രൂഡ് ഓയിലാണ് പ്രതിദിനം ഇവിടെ കൈകാര്യം ചെയ്യുന്നത്. അതേസമയം, ഇറാനെ തങ്ങള്‍ ആക്രമിച്ചതായി യുഎഇ ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമങ്ങളെ സൈനികമായി കൂടി നേരിടാന്‍ യുഎഇയ്ക്ക് അവകാശമുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു. 

യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുഎഇ ലക്ഷ്യമിട്ടാണ് ഇറാന്‍ പ്രധാനമായും തിരിച്ചടിച്ചത്. 2800 ലേറെ മിസൈലുകളാണ് യുഎഇയിലേക്ക് മാത്രം ഇറാന്‍ തൊടുത്തത്. യുഎഇയിലെ വിമാനത്താവളങ്ങള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവയായിരുന്നു ലക്ഷ്യം. വിനോദസഞ്ചാര– വ്യോമയാന മേഖലകളെയും വിപണിയെയും പ്രതിസന്ധിയിലാക്കാന്‍ പര്യാപ്തമായിരുന്നു ഇത്.

പശ്ചിമേഷ്യയില്‍ ഏറ്റവും അത്യാധുനിക യുദ്ധോപകരണങ്ങള്‍ യുഎഇയുടെ കൈവശമാണ് ഉള്ളതെന്നാണ് കണക്ക്. ഫ്രഞ്ച് മിറാഷ് യുദ്ധവിമാനങ്ങള്‍, അഡ്വാന്‍സ്ഡ് എഫ്–16 ജെറ്റുകള്‍, ഡ്രോണുകള്‍, നിരീക്ഷണ വിമാനങ്ങള്‍ എന്നിവ യുഎഇയ്ക്കുണ്ട്. അജ്ഞാത യുദ്ധവിമാനങ്ങള്‍ ഇറാന്‍റെ ആകാശത്ത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് യുഎഇയുടേതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. 

ENGLISH SUMMARY:

A report by the Wall Street Journal claims that the United Arab Emirates secretly participated in military actions against Iran by targeting the Lavan Island oil refinery. The drone strike, which occurred around the time Donald Trump announced a ceasefire, was reportedly welcomed by the United States. In retaliation, Iran launched a significant barrage of 17 missiles and 35 drones toward the UAE and Kuwait on April 8, labeling the initial attack as cowardly. While the UAE has not officially confirmed its involvement in the Lavan strike, its Foreign Ministry maintained that the country has every right to military self-defense. The ongoing conflict has severely impacted the UAE's aviation and tourism sectors, as Iran has reportedly fired over 2,800 missiles at UAE targets since the hostilities began.