Image Credit: AP
ആഴ്ചകള്‍ നീണ്ടുനിന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറാനില്‍ കൊല്ലപ്പെട്ടത് ആയിരങ്ങളെന്ന് ആയത്തുല്ല ഖമനയിയുടെ തുറന്ന് പറച്ചില്‍. ഇതാദ്യമായാണ് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമുണ്ടാകുന്നത്. ആയിരങ്ങള്‍ എന്ന് ഖമനയി പറയുമ്പോള്‍ തന്നെ കൊല്ലപ്പെട്ടവരുടെ സംഖ്യയെ കുറിച്ച് ആശങ്കയേറുകയാണ്. മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ അനൗദ്യോഗിക കണക്ക്. അമേരിക്കയും ഇസ്രയേലും ഡോണള്‍ഡ് ട്രംപുമാണ് ഇതിനുത്തരവാദികളെന്നും ഖമനയി പറഞ്ഞു. ഡോണള്‍ഡ് ട്രംപ് ക്രിമിനലാണെന്നും ഇറാനിലെ ജനങ്ങളെ രാജ്യവിരുദ്ധരാകാന്‍ നേരിട്ട് പ്രേരിപ്പിച്ചുവെന്നും ഖമനയി ആരോപിച്ചു. 'പൂര്‍ണമായും അമേരിക്കന്‍ തിരക്കഥയിലാണ് കാര്യങ്ങള്‍ നടന്നത്. ഇറാനെ തകര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യം. ട്രംപ് നേരിട്ട് പ്രക്ഷോഭത്തില്‍ ഇടപെട്ടു, പ്രസ്താവനകള്‍ നടത്തി, പ്രതിഷേധക്കാരെ ഇളക്കി വിട്ടു. വേണ്ടി വന്നാല്‍ സൈനിക സഹായം നല്‍കുമെന്ന് വരെ പ്രഖ്യാപിച്ചു'വെന്നും ട്രംപിനെതിരെയുള്ള കുറ്റങ്ങള്‍ ഖമനയി നിരത്തുന്നു.
വിലക്കയറ്റത്തിനും സാമ്പത്തിക തകര്‍ച്ചയ്ക്കുമെതിരായി ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചത് മുതല്‍ വിദേശ ശക്തികളാണ് അസ്വാരസ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന നിലപാടാണ് ഇറാനിലെ ഭരണകൂടം സ്വീകരിച്ചത്. ഇറാന്‍റെ പരമാധികാരത്തിന്‍മേല്‍ കൈകടത്തലുകളുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ പ്രഖ്യാപിച്ചു. 'ഇറാനെ ഒരു യുദ്ധത്തിലേക്ക് വലിച്ചിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇറാനില്‍ അതിന് ശ്രമിക്കുന്ന ആഭ്യന്തര– രാജ്യാന്തര കുറ്റവാളികളെ വെറുതേ വിടാനും തീരുമാനിച്ചിട്ടില്ല' എന്നായിരുന്നു ഖമനയിയുടെ വാക്കുകള്‍. ഇറാന്‍റെ ചരിത്രത്തിലാദ്യമായി മോസ്കുകള്‍ പ്രതിഷേധക്കാര്‍ ആക്രമിക്കുകയും തകര്‍ക്കുകയും ചെയ്തു. ഇത് വിദേശ ഇടപെടലിനെ തുടര്‍ന്നാണ്, ഇറാന്‍ പൗരന്‍മാര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. 250 ലേറെ മോസ്കുകളും ആശുപത്രികളും പ്രക്ഷോഭക്കാര്‍ തീവച്ചു തകര്‍ത്തുവെന്നാണ് ഖമനയിയും ആരോപിക്കുന്നത്.
ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ട്രംപിന്‍റെ ആഹ്വാനത്തോട് കടുത്തഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്. ഇറാനില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന ആശങ്കയേറി നില്‍ക്കുന്നതിനിടെ പ്രക്ഷോഭം പൂര്‍ണമായും അടിച്ചമര്‍ത്തിയതായി ഖമനയി ഭരണകൂടം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനായി ഇറാഖില്‍ നിന്ന് വന്‍തോതില്‍ സൈന്യത്തെ ഇറക്കുമതി ചെയ്തെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.
ഡിസംബര്‍ 28ന് വ്യാപാരികളില്‍ നിന്നാരംഭിച്ച പ്രതിഷേധം വളരെപ്പെട്ടാണ് ശക്തിപ്പെടുകയും രാജ്യവ്യാപകമാകുകയും ചെയ്തത്. സ്ത്രീകളും ചെറുപ്പക്കാരുമുള്‍പ്പടെ തെരുവിലിറങ്ങിയതോടെ ജനുവരി 12ന് ഇറാന്‍ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ്–ടെലിഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിച്ചു. ഇറാന്‍ സൈന്യം വീടുകളില്‍ കയറി റെയ്ഡ് നടത്തി സാറ്ററൈറ്റ് ഡിഷുകളും ഗിയറുകളും പിടിച്ചെടുത്തു. ഇതോടെ പ്രക്ഷോഭത്തെ കുറിച്ച് അറിയാനുള്ള എല്ലാ സാധ്യതകളും പുറംലോകത്തിന് അടയുകയായിരുന്നു.
ഖമനയി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കറാജില്‍ നിന്ന് പിടികൂടിയ ഇര്‍ഫാന്‍ സുല്‍ത്താനിയെന്ന 26കാരനെ തൂക്കിക്കൊല്ലുമെന്നും ഇറാന്‍ സൈന്യം പ്രഖ്യാപിച്ചു. കടുത്ത രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ വധശിക്ഷ ഇറാന്‍ റദ്ദാക്കിയത്. സുല്‍ത്താനിയുടേതിന് പുറമെ 800 ലേറെപ്പേരെ പരസ്യമായി തൂക്കിക്കൊല്ലാന്‍ ഇറാന്‍ സര്‍ക്കാര്‍ തയാറെടുത്തിരുന്നുവെന്നും അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്ന് ഇത് മരവിപ്പിച്ചുവെന്നും വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. മൂവായിരത്തോളം പേര്‍ പ്രക്ഷോഭത്തില്‍ അറസ്റ്റിലായെന്നാണ് ഇറാന്‍റെ ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ പതിനായിരത്തോളം പേര്‍ ജയിലില്‍ കഴിയുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.