യു.എസ്– ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് മകന്‍ തന്‍റെ പിന്‍ഗാമിയാകുന്നതിനോട് യോജിപ്പില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം ഖമനയി തന്‍റെ വിൽപത്രത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്‍ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്‍റെ നിര്‍ബന്ധമാണ് മുജ്തബയെ ഇറാന്റെ പരമോന്നത നേതാവാക്കിയത്.
തന്റെ മകന്‍ ഈ സ്ഥാനത്തേക്ക് യോഗ്യനാണോ എന്ന് ഖമനയിക്ക് സംശയമുണ്ടായിരുന്നു. മുജ്തബ പിന്‍ഗാമിയാകരുതെന്ന് അദ്ദേഹം വില്‍പത്രത്തില്‍ കൃത്യമായി േരഖപ്പെടുത്തിയിരുന്നു. രാജ്യത്തെ നയിക്കാന്‍ ആവശ്യമായ പരിചയമോ രാഷ്ട്രീയ നേതൃത്വമോ മുജ്തബയ്ക്കില്ലെന്ന് ഖമനയി വിശ്വസിച്ചു. ഇറാനിയൻ രഹസ്യാന്വേഷണ ശൃംഖലകളുമായി ബന്ധമുള്ള പ്രതിപക്ഷ ഗ്രൂപ്പായ നാഷണൽ യൂണിയൻ ഫോർ ഡെമോക്രസിയുടെ ഗവേഷണ ഡയറക്ടർ ഖോസ്രോ ഇസ്ഫഹാനിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രാഷ്ട്രീയ ജീവിതത്തില്‍ നേട്ടങ്ങള്‍ എടുത്തു പറയാന്‍ സാധിക്കാത്തൊരു യുവ പുരോഹിതനാണ് മുജ്തബയെന്ന് ഖോസ്രോ ഇസ്ഫഹാനി പറയുന്നു. 88 പേരടങ്ങുന്ന പുരോഹിത സംഘമാണ് മുജ്തബയെ പിന്‍ഗാമിയാക്കി നിയമിച്ചത്. എന്നാല്‍ ഇതില്‍ സാധാരണ നടപടിക്രമങ്ങള്‍ പാലിച്ചില്ല. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സിന്‍റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും ഖോസ്രോ ഇസ്ഫഹാനി അവകാശപ്പെട്ടു. മുജ്തബയ്ക്ക് കൗൺസിലിൽ ഭൂരിപക്ഷം ലഭിച്ചില്ലെന്നും ഐആർജിസിയിൽ നിന്നുള്ള സമ്മർദ്ദം കാരണം പിൻഗാമിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച സെഷൻ നിരവധി പുരോഹിതന്മാർ ബഹിഷ്‌കരിച്ചെന്നും അദ്ദേഹം പറഞ്ഞു.
പിതാവിന്‍റെ പിന്‍ഗാമിയായാണ് മുജ്തബ ഖമനയിയെ ഇറാന്‍ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. 88 പുരോഹിതന്മാര്‍ അടങ്ങുന്ന വിദഗ്ധ സമിതിയാണ് മുജ്തബയെ തിരഞ്ഞെടുത്തത്. പരമോന്നത നേതാവായി തിരഞ്ഞെടുത്ത ശേഷം ഇതുവരെ മുജ്തബ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയോ പൊതുഇടങ്ങളില്‍ എത്തുകയോ ചെയ്തിട്ടില്ല. ഇതിനിടയില്‍ യു.എസ്– ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഖമനയിക്ക് പരുക്കേറ്റു എന്ന ഇറാനിയന്‍ സ്റ്റേറ്റ് ടിവി വ്യക്തമാക്കിയിരുന്നു.