iran-missile-city

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്കയായി ഇറാന്‍റെ പുതിയ യുദ്ധ തന്ത്രം. ഇനി മുതല്‍ 1000 കിലോയില്‍ കൂടുതല്‍ ഭാരമുള്ള യുദ്ധമുനകള്‍ വഹിക്കുന്ന മിസൈലുകള്‍ മാത്രമെ ഇനി ഉപയോഗിക്കുകയുള്ളൂ എന്നാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്‍റെ മുന്നറിയിപ്പ്. തുടക്കത്തില്‍ ഡ്രോണുകള്‍ വഴി ആക്രമണം നടത്തിയ ഇറാന്‍ പ്രഹരശേഷി കൂടിയ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നു എന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. 

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡി എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ കമാൻഡർ ബ്രിഗേഡിയർ ജനറൽ മജീദ് മൗസവിയാണ് പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യുഎസ്– ഇസ്രയേല്‍ താവളങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളുടെ തീവ്രതയും വ്യാപ്തിയും വര്‍ധിക്കുമെന്നും മൗസവി പറയുന്നു. വിലകുറഞ്ഞതും ഷാഹെദ് ഡ്രോണുകള്‍ വഴി വ്യോമ പ്രതിരോധത്തെ പരീക്ഷിച്ച ശേഷം ഉയര്‍ന്ന ആഘാത ശേഷിയുള്ള മിസൈലുകളിലേക്ക് ഇറാന്‍ മാറുകയാണ്. 

ഇറാന്‍റെ പക്കലുള്ള ക്രൂയിസ് മിസൈലായ സൗമർ, മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലായ സെജ്ജിൽ, ഖോറാംഷഹർ എന്നിവയാണ് 1,000 കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍. 2000 കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്ന് കരുതുന്ന ഖോറാംഷഹര്‍ മിസൈലുകള്‍ക്ക് ഇസ്രയേലിന്‍റെ ആരോ-3 വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ സാധിക്കുമെന്ന് ഐആര്‍ജിസി അവകാശപ്പെടുന്നു. ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോള്‍ പാതയില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നതിനാല്‍ ഇവയെ തടയുക എതിരാളികള്‍ക്ക് ദുഷ്കരമാണെന്നാണ് വിലയിരുത്തല്‍. 

ഓപ്പറേഷൻ ട്രൂ പ്രോമിസ് 4-ന്റെ മുപ്പത്തിമൂന്നാം ഘട്ടം ആരംഭിച്ചതായാണ് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കുന്നത്. ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായി ഖര ഇന്ധനം ഉപയോഗിക്കുന്ന ഖെയ്ബർ ഷെക്കാൻ മിസൈലുകള്‍ ഇറാന്‍ പരീക്ഷിച്ചിട്ടുണ്ട്. 1,450 കിലോ മീറ്റര്‍ പരിധിയും 550 കിലോ ഭാരമുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതുമാണ് ഇവ. 

ഇസ്രയേസിനെതിരെ ഇറാന്‍റെ മിസൈല്‍ ആക്രമണം രൂക്ഷമാണ്. ടെല്‍ അവീവിലെ ഭൂഗര്‍ഭ ഷെല്‍ട്ടര്‍ ഇന്നലെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തു എന്നാണ് ഇറാന്‍ അവകാശവാദം. ടെല്‍ അവീവിലെ അതീവ രഹസ്യ െഷല്‍ട്ടറുകളിലൊന്നായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്.  ആക്രമണങ്ങള്‍ക്ക് ഇറാന്‍റെ സൈനിക കേന്ദ്രങ്ങളില്‍ തിരിച്ചടി നല്‍കിയതായി ഇസ്രയേലും അവകാശപ്പെട്ടു.

ENGLISH SUMMARY:

In a major strategic shift, the Islamic Revolutionary Guard Corps (IRGC) has announced that it will henceforth deploy missiles carrying warheads weighing over 1,000 kg against US and Israeli targets. Brigadier General Majid Mousavi stated that after testing air defenses with Shahid drones, Iran is now shifting to high-impact weaponry including Soumar cruise missiles and Sejjil ballistic missiles. The IRGC claims its Khorramshahr missile, with a 2,000 km range, can evade the Arrow-3 defense system by altering its flight path mid-air. As 'Operation True Promise 4' enters its 33rd phase, Iran reportedly struck a high-security underground shelter in Tel Aviv using solid-fuel Kheibar Shekan missiles. While Israel claims to have retaliated against Iranian military sites, the deployment of heavy-payload missiles signals a terrifying escalation in the Middle East conflict as of March 10, 2026. This development raises global concerns over civilian safety and regional stability.