trump-khamanei

ഇറാനില്‍ യു.എസ് ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെ ബുധനാഴ്ച വൈകിട്ടോടെ ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ നിന്നും ഒഴിപ്പിച്ച ഉദ്യോഗസ്ഥര്‍ തിരികയെത്തി. ഉദ്യോഗസ്ഥരെയും കൊണ്ട് പറന്ന യു.എസ് വിമാനം തിരികെ എയര്‍ബേസിലെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വ്യോമതാവളത്തിന് നല്‍കിയ  സുരക്ഷാ മുന്നറിയിപ്പ് ലെവൽ കുറച്ചിട്ടുണ്ട്. 

ഇറാന്‍ പ്രതിഷേധങ്ങളിലെ അടിച്ചമര്‍ത്തലുകളും കൊലപാതകങ്ങളും കുറഞ്ഞുവരികയാണെന്നും തൂക്കിലേറ്റാന്‍ നിലവില്‍ പദ്ധതിയില്ലെന്നും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍. പ്രതിഷേധക്കാരെ തൂക്കിലേറ്റാന്‍ പദ്ധതിയില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രിയും വ്യക്തമാക്കി. ഇറാനിലെ പ്രതിേഷധത്തിനിടെ കരജില്‍ നിന്നും അറസ്റ്റിലായ 26 കാരന് വധശിക്ഷ നടപ്പിലാക്കില്ലെന്ന് ഇറാന്‍ ഔദ്യോഗിക മീഡിയ റിപ്പോര്‍ട്ട് ചെയ്തു.  

അതേസമയം, ഇറാന്‍ ആക്രമണത്തില്‍ നിന്നും യു.എസ് പിന്മാറിയോ എന്നതില്‍ വ്യക്തതയില്ല. ഇറാനെ ആക്രമിക്കാന്‍ യുഎസ് പദ്ധതിയിട്ടിരുന്നതായും എന്നാല്‍ അവസാന നിമിഷം ഉപേക്ഷിച്ചതായും വിവിധ റിപ്പോര്‍ട്ടുകളുണ്ട്. ഭരണകൂടത്തെ അട്ടിമറിക്കാൻ സാധിക്കുന്ന പ്രഹരമുണ്ടാക്കാന്‍ സാധിക്കുമോ എന്ന സംശയവും ഇറാന്‍റെ ശക്തമായി തിരിച്ചടിയും പരിഗണിച്ചാണ് പിന്മാറ്റമെന്നാണ് വിവരം. ആക്രമണ സാധ്യത ഉണ്ടായതിന് പിന്നാലെ ഇറാന്‍ വ്യോമപാത അടച്ചിരുന്നു. അഞ്ചു മണിക്കൂറോളം അടഞ്ഞു കിടന്നതിന് ശേഷം ഇന്ത്യന്‍ സമയം രാവിലെ എട്ടരയോടെയാണ്  തുറന്നത്. ഇറാന്‍–യുഎസ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിവിധ എയര്‍ലൈനുകള്‍ റദ്ദാക്കി. ചിലത് വഴിതിരിച്ചും വിട്ടു. 

അഞ്ചു മണിക്കൂറോളം വ്യോമാതിര്‍ത്തി അടച്ചിട്ട സമയത്ത് വളരെ കുറച്ച് വിമാനങ്ങള്‍ മാത്രമാണ് ഇറാന് മുകളിലൂടെ പറന്നത്. പ്രത്യേക അനുമതി വാങ്ങിയ വിമാനങ്ങളായിരുന്നു ഇവ. വിമാനയാത്ര പുനരാരംഭിച്ച സമയത്ത് ഇറാനിയൻ വിമാനക്കമ്പനികളായ മഹാൻ എയർ, യാസ്ദ് എയർവേയ്‌സ്, എവിഎ എയർലൈൻസ് എന്നിവയിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് ആദ്യം ഇറാനിലെത്തിയത് എന്നാണ് ഫ്ലൈറ്റ്റാഡാറിലെ ഡാറ്റ കാണിക്കുന്നത്. 

ENGLISH SUMMARY:

US Iran tensions escalate and de-escalate. Reports indicate a potential US strike on Iran was called off at the last minute due to concerns over retaliation and the effectiveness of the strike, leading to airspace closures and flight cancellations, which have now been resolved.