സുരക്ഷാ-അഗ്നിരക്ഷാ മേഖലയിലെ പുതിയ ഉപകരണങ്ങളും സേവനങ്ങളും പരിചയപ്പെടുത്തി ഇരുപത്തിയേഴാമത് 'ഇന്റർസെക്' പ്രദർശനം. ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് മേള നടക്കുന്നത്. അറുപതിലേറെ രാജ്യങ്ങളിൽ നിന്ന് 1,200 പ്രദർശകരാണ് മേളയിൽ പങ്കെടുക്കുന്നത് .
ജീവൻരക്ഷാ ഉപകരണങ്ങൾ മുതൽ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ വരെയുള്ള സുരക്ഷാമേഖലയിലെ പുതിയ കണ്ടെത്തലുകളാണ് ഇന്റർസെക് പരിചയപ്പെടുത്തുന്നത്. അഗ്നിരക്ഷാസേന ഉപയോഗിക്കുന്ന ഷാർക് ഡ്രോണുകളും വാട്ടർ ലോഞ്ചർ റോബോട്ടുകളുമാണ് ഇത്തവണത്തെ ആകർഷണം. പ്രതികൂല കാലാവസ്ഥയെയും തീപിടിത്തത്തെയും പ്രതിരോധിക്കുന്ന സുരക്ഷാ കാമറകളുടെ വൻ ശേഖരവും മേളയിലുണ്ട്
നാഫ്കോ, മോട്ടറോള തുടങ്ങിയ ആഗോള ബ്രാൻഡുകൾക്കൊപ്പം നിരവധി പ്രാദേശിക കമ്പനികളും മേളയിലുണ്ട്. ദുബായ് സിവിൽ ഡിഫൻസും സിറയും ഏറ്റവും പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ സന്ദർശകർക്കായി പരിചയപ്പെടുത്തുന്നു. എഐ അധിഷ്ഠിതമായ സേവനങ്ങളെക്കുറിച്ച് 250 ലേറെ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറും മേളയുടെ ഭാഗമാണ്. പ്രദർശനം നാളെ സമാപിക്കും.