സമാധാന പ്രതീക്ഷയ്ക്ക് വകയില്ലാതെ പശ്ചിമേഷ്യയില്‍ യുദ്ധം മുറുകുന്നതിനിടെയാണ് ഇന്നലെ ഗള്‍ഫ് രാജ്യങ്ങളോട് മാപ്പപേക്ഷിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്‍ രംഗത്തെത്തിയിരുന്നത്. ആക്രമണം തല്‍ക്കാലം നിര്‍ത്തുകയാണെന്ന് പറഞ്ഞ പ്രസിഡന്റിന്റെ വാക്കുകള്‍ വാര്‍ത്തയാകും മുന്‍പേ തന്നെ മേഖലയിലേക്ക് വീണ്ടും ആക്രമണമുണ്ടായി. പ്രസിഡന്റിന്റെ വാക്കുകള്‍ തിരുത്തി റവല്യൂഷണറി ഗാര്‍ഡ് രംഗത്തെത്തി. ഇറാനെതിരായ അമേരിക്കന്‍ ആക്രമണത്തില്‍ സഹകരിച്ചില്ലെങ്കില്‍ ആ രാജ്യങ്ങളെ ആക്രമിക്കില്ലെന്നാണ് പ്രസിഡന്റ് ഉദ്ദേശിച്ചതെന്നാണ് സൈന്യത്തിന്റെ വാദം.
അമേരിക്കയ്ക്ക് ഇടം കൊടുക്കാത്ത ഒരു രാജ്യത്തേയും തങ്ങള്‍ ആക്രമിക്കില്ലെന്നും മറ്റു രാജ്യങ്ങള്‍ക്കുനേരെ ഇനിയും ആക്രമണം കടുപ്പിക്കുമെന്നും റവല്യൂഷണറി ഗാര്‍ഡ് തിരുത്തുന്നു. ഈ മാപ്പുപറച്ചിലിനും തിരുത്തലിനും പിന്നാലെ ഇന്ന് പുലര്‍ച്ചെ ഗള്‍ഫ് മേഖലയിലുടനീളം വ്യോമാക്രമണങ്ങളും മിസൈല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ദുബായി അല്‍ ബര്‍ഷയില്‍ ഇറാന്‍ ആക്രമണം തടുക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ് ഒരു പാക്കിസ്ഥാന്‍ പൗരന്‍ മരിച്ചു.
ദുബായി മറീനയിലെ കെട്ടിടത്തിനും വലിയ തോതില്‍ നാശനഷ്ടമുണ്ടായി. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന സംഭരണ ശാലയ്ക്കു നേരെ ഡ്രോണ്‍ ആക്രമണം നടന്നെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. സൈന്യം ഈ ഡ്രോണുകള്‍ ആകാശത്തുവച്ച് നശിപ്പിച്ചതായും അവശിഷ്ടങ്ങള്‍ പതിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശം സംഭവിച്ചതായും സ്ഥിരീകരണമുണ്ട്.
This video grab taken from UGC images posted on social media on March 7, 2026 shows smoke rising from the Dubai International Airport. Dubai airport, the world's busiest for international traffic, suspended operations on March 7 before partially resuming services, after an air defence interception in the area during attacks from Iran. (Photo by various sources / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT AFP - SOURCE: UGC / UNKNOWN - DISTRIBUTED AS A SERVICE TO CLIENTS - NO RESALE -
സൗദി അറേബ്യയിലും പുലര്‍ച്ചെ ആക്രമണങ്ങളുണ്ടായി. 21 ഡ്രോണുകളെങ്കിലും വെടിവെച്ചിട്ടതായി സൗദി പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നു. ബഹ്‌റൈനിലെ മിന സൽമാൻ തുറമുഖത്തെ കേന്ദ്രത്തിലും ആക്രമണമുണ്ടായതായി സൂചനയുണ്ട്. അതേസമയം ടെഹ്റാനില്‍ ഇസ്രയേല്‍–യുഎസ് ആക്രമണം തുടരുകയാണ്. ഇറാനില്‍ ഇതുവരെ 1332 പേരും ഇസ്രയേലില്‍ 11 പേരും കൊല്ലപ്പെട്ടു.
ലബനനിലെ നബി ചിറ്റില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. അതേസമയം അമേരിക്കയില്‍ നിന്നും ആയുധക്ഷാമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയിലും ഇസ്രയേലിന് 15.1കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കി.