ഈ യുദ്ധത്തിന് നല്‍കേണ്ടിവരുന്ന വില ഉയരുകയാണ്. ഇറാന്റെ ആക്രമണത്തില്‍ നിന്ന് പൗരന്‍മാരെ സംരക്ഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒരുക്കുന്ന പ്രതിരോധ സംവിധാനങ്ങളുടെ വില... ഹോര്‍മൂസ് കടലിടുക്കില്‍ ഉള്‍പ്പടെ യുദ്ധം മൂലം വിവിധയിടങ്ങളിലായി കുടുങ്ങികിടക്കുന്ന കപ്പലുകളിലെ ചരക്കുകളുടെ വില... യാത്ര തടസ്സപ്പട്ടതോടെ യാത്രക്കാരും കമ്പനികളും നല്‍കേണ്ട വില... യുദ്ധം കൊടുമ്പിരികൊള്ളുന്നതനുസരിച്ച് ഇന്ധനത്തിന് കൊടുക്കേണ്ട ഉയര്‍ന്ന വില... എല്ലാത്തിലുമുപരി, യുദ്ധംമൂലം നഷ്ടമാകുന്ന ജീവനുകളുടെ വില...
യുദ്ധങ്ങളൊന്നും തന്നെ ഒരു നേട്ടവും മനുഷ്യരാശിക്ക് ഉണ്ടാക്കുന്നില്ലെന്ന് ചരിത്രം പലകുറി പഠിപ്പിച്ചിട്ടും യുദ്ധവെറി പൂണ്ട ചിലര്‍ വീണ്ടും ലോകത്തെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണ്. വലിയ വില നല്‍കേണ്ടിവരുന്നത് സാധാരണക്കാരും. യുദ്ധം പശ്ചിമേഷ്യയില്‍ ആണെങ്കിലും നമ്മള്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉള്ളവരാണ് അതിന്റെ വില നല്‍കേണ്ടിവരുന്നത്. അതിന്റെ ആദ്യപടിയായിരുന്നു രാജ്യത്തെ എല്‍.പി.ജി വിലയിലുണ്ടായ വര്‍ധന. യുദ്ധത്തിന്റെ വില ഉയരുകയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ നമ്മുടെ അടുക്കളകളിലേക്കും എത്തിത്തുടങ്ങി. രാജ്യത്ത് ഗാര്‍ഹിക, വാണിജ്യ പാചകവാതകത്തിന്റെ വില വര്‍ധിച്ചു. ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോ ഗ്രാം എല്‍.പി.ജി സിലിണ്ടറിന് 60 രൂപയും, വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ടറിന് 115 രൂപയുമാണ് കുത്തനെ കൂട്ടിയത്. കൊച്ചിയില്‍ 920 രൂപയാണ് ഗാര്‍ഹിക സിലിണ്ടര്‍ വില. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ആഗോളതലത്തിൽ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്നതും ഇറാന്‍റെ വ്യോമാക്രമണത്തെത്തുടർന്ന് എല്‍.പി.ജി ഉൽപാദനം ഖത്തർ പൂർണമായി നിർത്തിയതുമാണ് വില ഉയരാന്‍ കാരണം. വില വര്‍ധിച്ചത് മാത്രമല്ല പ്രതിസന്ധി... എല്‍.പി.ജി ബുക്കിങ്ങിന് രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. 25 ദിവസത്തിലൊരിക്കലെ പാചകവാതക ബുക്കിങ് സാധ്യമാകുയുള്ളു. വിഡിയോ റിപ്പോര്‍ട്ട് കാണാം.