ഇറാന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട ദുബായ് വിമാനത്താവളം തുറന്നു. ഭാഗികമായി പ്രവര്‍ത്തനം പുനഃരാരംഭിച്ചിട്ടുണ്ട്. എയര്‍ലൈന്‍ അറിയിച്ചാല്‍ ടിക്കറ്റുമായി എത്താം. വിമാനസര്‍വീസ് ഉടന്‍ പുനഃരാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്ക് എത്താമെന്നും എമിറേറ്റ്സ് അറിയിച്ചു. ഇറാനില്‍ നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണം തടുത്തപ്പോള്‍ ഏതാനും അവശിഷ്ടങ്ങള്‍ വിമാനത്താവളത്തിനുള്ളില്‍ വീണതിന് പിന്നാലെയാണ് ദുബായ് വിമാനത്താവളം അടച്ചത്. അവശിഷ്ടങ്ങള്‍ വീണെങ്കിലും ആര്‍ക്കും പരുക്കില്ല. Also Read: അയല്‍ രാജ്യങ്ങളെ ഇനി ആക്രമിക്കില്ല; ക്ഷമചോദിച്ച് ഇറാന്‍; കീഴടങ്ങില്ലെന്ന് ട്രംപിന് മറുപടി
അതേസമയം, അമേരിക്കയോട് നിലപാട് കടുപ്പിച്ചും അയല്‍രാജ്യങ്ങളെ ഖേദമറിയിച്ചും ഇറാന്‍ പ്രസിഡന്റ്. നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ ആവശ്യം അവർ കുഴിമാടത്തിലേക്ക് കൊണ്ടുപോകേണ്ട സ്വപ്നമാണെന്ന് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. അയൽരാജ്യങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളിൽ അദ്ദേഹം ക്ഷമ ചോദിച്ചു. ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്നും ഉറപ്പുനൽകി. സൈനികതലപ്പത്തുണ്ടായ ആശയക്കുഴപ്പങ്ങളാണ് കാരണം. ശനിയാഴ്ച രാവിലെ ബഹ്റൈൻ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ തുടർച്ചയായി ആക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രസ്താവന.
യുദ്ധം തുടങ്ങിയശേഷം ആദ്യമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനും ഫോണില്‍ സംസാരിച്ചു. ഖമനയിയുടെ വധത്തെ അപലപിച്ച പുട്ടിന്‍ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. യു. എസ് സൈനികനീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫോണ്‍ വിളി. ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 217പേര്‍ കൊല്ലപ്പെട്ടെന്നും 798 പേര്‍ക്ക് പരുക്കേറ്റുവെന്നും ലബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.