• ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള പദ്ധതികളിൽ ജനപ്രതിനിധികൾ പേര് വെക്കുന്നത് എന്തിനാണെന്ന് അദ്ദേഹം മുണ്ടക്കയത്ത് സംസാരിക്കവെ ചോദിച്ചു.

എംഎൽഎ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ സ്വന്തം പേര് വെക്കില്ലെന്നും അത് നാണംകെട്ട പരിപാടിയാണെന്നും പൂഞ്ഞാർ എംഎൽഎ എൻ.ജെ. സെബാസ്റ്റ്യൻ. മുണ്ടക്കയം ആർ.ശങ്കർ യു.പി. സ്കൂളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കിണർ നിർമിച്ചാലും റോഡ് ടാർ ചെയ്താലും അതിൽ എംഎൽഎയുടെ പേര് എഴുതിവെക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ പേര് വെക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.  

"ഒരു കിണറിനു വേണ്ടി അയ്യായിരം രൂപ സബ്സിഡി നൽകിയ ശേഷം, ഒരു മുക്കാൽ ചാണ്‍ നീളത്തിൽ റോഡ് ടാർ ചെയ്ത് ചെണ്ട കൊട്ടിക്കൊണ്ടുവന്ന് പേര് ഒട്ടിച്ചുവെക്കുന്ന പണി എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല," എൻ.ജെ. സെബാസ്റ്റ്യൻ വ്യക്തമാക്കി. സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് അത് എംഎൽഎയുടെ ഫണ്ടാണെന്ന് പറഞ്ഞ് സ്വന്തം പേരും വീട്ടുപേരും എഴുതിവെക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Poonjar MLA N.J. Sebastian has stated that he will not display his name on development works funded through MLA funds. Speaking at Mundakayam R. Sankar UP School, he criticized the practice of politicians putting up nameplates on public projects built using taxpayers' money. He remarked that such publicity stunts, including publicizing petty subsidies and road repairs with drum beats, will not be part of his work culture. Furthermore, the MLA emphasized that government funds are meant for public welfare rather than personal branding by elected representatives.