പശ്ചിമേഷ്യയില്‍ വ്യോമാക്രമണം രൂക്ഷമാകുന്നതിനിടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്‍പ്പെടെ രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് പ്രവാസികള്‍. ഗള്‍ഫ് മേഖലകളില്‍ നിന്നും ഭൂരിഭാഗം താമസക്കാരും സ്വന്തം നാടണയാനുള്ള ശ്രമത്തിലാണ്. പക്ഷേ ഇതിനിടെ ഒറ്റപ്പെട്ടുപോവുന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം പെരുകുന്നത് വലിയ ആശങ്കയാണ് ഗള്‍ഫ് മേഖലയില്‍ സൃഷ്ടിക്കുന്നത്. മനസില്ലാ മനസോടെയാണെങ്കിലും ഇവയെ ഉപേക്ഷിക്കുകയല്ലാതെ പ്രവാസികള്‍ക്ക് മറ്റു വഴികളില്ലെന്ന് വരുന്നതോടെ ദുബായില്‍ അടക്കം വലിയ പ്രതിസന്ധിയാണ് നിലവിലുള്ളത്. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം പെരുകുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അതേസമയം വളര്‍ത്തുമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് പോലും ഇവയെ സംരക്ഷിക്കാനാവാത്ത വിധം കാര്യങ്ങളെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യം വിട്ടുപോകുന്നവര്‍ വൻതോതിൽ നായ്ക്കളെയും പൂച്ചകളെയും ഉപേക്ഷിച്ചു പോവുകയാണ്. കെ9 ഫ്രണ്ട്സ് (K9 Friends) പോലുള്ള പ്രശസ്തമായ റെസ്ക്യൂ സംഘടനകളുടെ സഹായം തേടി വലിയൊരു വിഭാഗം ആളുകളാണ് എത്തുന്നത്. സംഘടനയെ ഏല്‍പ്പിക്കാന്‍ വേണ്ടിയും പുതിയ ഉടമകളെ ഏല്‍പ്പിക്കാനായും നിരന്തരം ഫോണ്‍കോളുകളും ലഭിക്കുന്നുണ്ട്. എന്നാല്‍ എല്ലാവരേയും പരിഗണിക്കാന്‍ ഉതകുന്ന വിധത്തിലുള്ള സൗകര്യങ്ങളൊന്നും പല കേന്ദ്രങ്ങളിലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഇതോടെ ആയിരക്കണക്കിന് വളർത്തുമൃഗങ്ങളാണ് നിസ്സഹായാവസ്ഥയിലായിരിക്കുന്നത്. മാത്രമല്ല നിരവധിയാളുകള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ദയാവധം നല്‍കാന്‍ സഹകരിക്കണമെന്ന ആവശ്യവുമായി എത്തുന്നുണ്ടെന്ന് ദുബായിലെ മൃഗഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. മാറ്റിപ്പാര്‍പ്പിക്കാനുള്ള ചിലവും, പേപ്പര്‍വര്‍ക്കുകളും വിമാനയാത്രാ പ്രതിസന്ധിയും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് മക്കളെപ്പോലെ വളര്‍ത്തി പരിപാലിച്ച ഇവയെ ദയാവധത്തിന് വിധേയമാക്കാന്‍ തീരുമാനിക്കുന്നതിന് പിന്നിലെന്നും ഇവര്‍ പറയുന്നു.
റോഡുകളില്‍ കാണുന്ന പോസ്റ്റുകളിലും വീടുകളുടേയും സ്ഥാപനങ്ങളുടേയും മുന്‍വശത്തുമുള്‍പ്പെടെ വളര്‍ത്തുനായ്ക്കളേയും പൂച്ചകളേയും ഉള്‍പ്പെടെ കെട്ടിയിട്ട് കടന്നുകളയുന്നവരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പൂച്ചയേയും നാല് പൂച്ചക്കുട്ടികളേയും ഉപേക്ഷിച്ചതിനൊപ്പം ഒരു കുറിപ്പ് കണ്ടെത്തിയ സംഭവവും ദുബായിലുണ്ട്. മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് ഇവയെ ഉപേക്ഷിക്കുന്നതെന്നും കുറിപ്പിലുണ്ട്.
അതേസമയം ഇത്തരം പ്രവൃത്തികള്‍ക്കെതിരെ മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘Your pets are part of your family’ എന്ന ക്യാപ്ഷനോടെ ഇത്തരം കേന്ദ്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. റോഡ് മാര്‍ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങുന്നവര്‍ മരുഭൂമി മേഖലകളിലടക്കം വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന കാഴ്ചകളും ഒമാന്‍ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ കാണാം.