ലോകമെമ്പാടുമുള്ള ദരിദ്ര കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പാക്കിയുള്ള പുതിയ പദ്ധതിയുമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ. അന്തരിച്ച സഹോദരൻ ഷെയ്ഖ് റാഷിദിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ചാണ് പദ്ധതിയുടെ പ്രഖ്യാപനം. 'റാഷിദ് വില്ലേജസ്' എന്ന പേരിൽ മാതൃകാ ഗ്രാമങ്ങൾ നിർമ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ആദ്യഘട്ടം കെനിയയിലാണ് ആരംഭിക്കുക. 72,000 ചതുരശ്ര മീറ്റർ സ്ഥലത്ത് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ച് സുസ്ഥിരമായ രീതിയിലാണ് ഗ്രാമം രൂപകൽപ്പന ചെയ്യുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ വീടുകൾ, ആരാധനാലയം, മൾട്ടി പർപ്പസ് ഹാൾ എന്നിവ ഇവിടെയുണ്ടാകും. സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വാണിജ്യ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
യുവാക്കൾക്കായി ഫുട്ബോൾ മൈതാനവും സ്പോർട്സ് അക്കാദമിയും സ്ഥാപിക്കും. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനായി ആധുനിക സ്കൂളും ഇവിടെ നിർമ്മിക്കും. തൊഴിൽ പരിശീലനവും ചെറുകിട സംരംഭങ്ങൾക്കുള്ള പിന്തുണയും നൽകി കുടുംബങ്ങളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഏകദേശം 1,700 ആളുകൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി ഓരോ വർഷവും പുതിയ ഗ്രാമങ്ങൾ നിർമ്മിച്ച് വികസിപ്പിക്കാനും ലക്ഷ്യമിടുന്നു.