dubai-police-cyber-crime

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സാഹചര്യം മുതലെടുത്ത് വ്യക്തിഗത ഡിജിറ്റൽ ഡേറ്റ കൈക്കലാക്കാന്‍ തട്ടിപ്പുകാര്‍ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ദുബായ് ക്രൈസിസ് മാനേജ്‌മെന്റിലെ ജീവനക്കാരായും ദുബായ് പൊലീസുമായി ബന്ധമുള്ളവരാണെന്ന് പരിചയപ്പെടുത്തിയുമാണ് തട്ടിപ്പ് നടക്കുന്നത്. ഇതുവഴി യുഎഇ പാസ് ക്രെഡൻഷ്യലുകൾ, എമിറേറ്റ്‌സ് ഐഡി (ഇഐഡി) എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവായിട്ടുള്ള ഡിജിറ്റൽ ഡേറ്റ കൈക്കലാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ജാഗ്രത വേണമെന്നും ദുബായ് പൊലീസ് അറിയിച്ചു.

ഇത്തരം വിവരങ്ങൾ തട്ടിപ്പുകാരുടെ കയ്യിലെത്തുന്നത് അതീവ ഗുരുതരമാണെന്ന് പൊലീസ് പറയുന്നു. സിം സ്വാപ്പിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഇതുവഴി നിങ്ങളുടെ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. ദുബായ് പൊലീസോ മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളോ ഫോൺ കോളുകളിലൂടെയോ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ ഇത്തരം രഹസ്യ വിവരങ്ങളോ കണ്‍ഫര്‍മേഷന്‍ കോഡുകളോ ആവശ്യപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളോ ജീവനക്കാരോ ആണെന്ന് ഉറപ്പുവരുത്താതെ ആരുമായും സ്വകാര്യ വിവരങ്ങളോ, ബാങ്കിങ് വിവരങ്ങൾ പങ്കിടരുതെന്നും പൊതുജനങ്ങളോട് ഉദ്യോഗസ്ഥര്‍ അഭ്യർത്ഥിക്കുന്നുണ്ട്.

ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുകയും അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിൽ വിളിച്ചോ ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് നിര്‍ദേശിക്കുന്നു. ആഭ്യന്തര മന്ത്രാലയവും ഇത്തരം തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ENGLISH SUMMARY:

Dubai Police have issued an urgent warning against scammers exploiting the Middle East crisis to steal sensitive digital data, including UAE Pass credentials and Emirates ID details. Fraudsters are reportedly posing as officials from Dubai Crisis Management or Dubai Police to gain unauthorized access to bank accounts through SIM swapping and other cyber tactics. Authorities emphasized that no government entity will ever ask for confirmation codes or private banking information via phone calls or texts. As of March 2, 2026, residents are urged to report suspicious activities through the e-crime platform or by calling 901. Stay vigilant against digital fraud and protect your personal data from evolving cyber threats in the UAE.