എല്ലാം ഒന്നടങ്ങി എന്ന് കരുതിയ സമയത്താണ് തുര്‍ക്കിയിലെ നാറ്റോ ഉച്ചകോടിയില്‍ ട്രംപ് ഇങ്ങനെയൊരു ബോംബിട്ടത്. സമാധാനകരാര്‍ അവസാനിച്ചിരിക്കുന്നു. വാക്കിനുറപ്പില്ലെങ്കിലും, ആ ഒറ്റവാക്ക് ഒരുപാട് മേഖലകളെ ഉയര്‍ത്തും തളര്‍ത്തും. ചുരുക്കിപ്പറഞ്ഞാല്‍ ദിവസവും ട്രംപ് എന്തുപറയുന്നു എന്നതിനെ ആശ്രയിച്ചാണ് ഇങ്ങ് കേരളത്തില്‍ നമ്മളൊക്കെ വാഹനത്തില്‍ ഇന്ധനമടിക്കുന്നത് എന്ന സ്ഥിതിയാണ്. എന്തായാലും പറഞ്ഞ വാക്ക് ട്രംപ് മാറ്റിപ്പറയും വരെ പശ്ചിമേഷ്യയില്‍ സമാധാനമില്ല. വീണ്ടും ഒരു യുദ്ധത്തിന്റെ കൗണ്ട് ഡൗണാണോ മുഴങ്ങുന്നത്? ആ സമാധാനകരാര്‍ ഒരുമാസം തികയുംമുന്‍പേ പാളിയതെവിടെയാണ്?
ജൂണ്‍ 14. ട്രംപിന്റെ പിറന്നാള്‍ ദിനം. സമാധാനകരാര്‍ തയാറാകുന്നെന്ന ശുഭവാര്‍ത്ത നാടകീയമായി ട്രംപ് പുറത്തുവിടുന്നു. പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമാധാന കരാറായത്. യുദ്ധവും അസ്ഥിരതയും തകര്‍ത്ത പാക്കിസ്ഥാന് രാജ്യാന്തരതലത്തില്‍ നിവര്‍ന്നുനില്‍ക്കാനുള്ള ഒരവസരമായി കണ്ട് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനീകമേധാവി അസിം മുനീറും തിരക്കിട്ട നീക്കങ്ങള്‍ നടത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും സംഘവും ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാധിലെത്തി പിരിഞ്ഞു. പലവിഷയങ്ങളിലും സ്വരച്ചേര്‍ച്ചയില്ലായ്മ തുടര്‍ന്നു. ഇന്ന് രാത്രി ഇറാനെ തച്ചുടയ്ക്കുന്ന കനത്ത ആക്രമണം നടത്തും എന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാന് മേല്‍ അമേരിക്കയുടെ മിസൈല്‍ വര്‍ഷം ഭയന്നരാത്രി ഒന്നും സംഭവിച്ചില്ല. പിറ്റേന്ന് സമാധാനകരാറായെന്ന് ട്രംപ് പ്രഖ്യാപിച്ചു. എന്തായാലും പ്രതീക്ഷിച്ചതിലും ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സില്‍ നടക്കുന്ന ജി സെവന്‍ ഉച്ചകോടിക്കിടെ അപ്രതീക്ഷിതമായി ട്രംപ് സമാധാന കരാറില്‍ ഒപ്പിടുന്നു.
ടെഹ്റാനിലിരുന്ന് പെസഷ്കിയാനും കരാറില്‍ ഒപ്പുവച്ചു. ഇസ്ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് പ്രാബല്യത്തില്‍ വന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികളുമായി തുടര്‍ ചര്‍ച്ചകള്‍ നടന്നു. 60 ദിവസം നീളുന്ന വെടിനിര്‍ത്തല്‍ കാലയളവില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താം എന്നായിരുന്നു ഡിമാന്‍ഡ്. പക്ഷേ പതിനാല് ഇന സമാധാനകരാറിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങള്‍ പോലും നടപ്പാക്കുക പ്രയാസമാണ് എന്നുറപ്പായിരുന്നു. ഹിസ്ബുല്ല, ഹമാസ്, ഹൂതി. ഇപ്പോള്‍ ഹോര്‍മുസും. ഹമാസും ഹൂതിയും ഹിസ്ബുല്ലയും ശക്തി ക്ഷയിച്ചുകഴിഞ്ഞു. സൈനീകമായി അമരിക്കയാരംഭിച്ച യുദ്ധത്തെ സാമ്പത്തികമായി ഇറാന്‍ പ്രതിരോധത്തിലാക്കുന്നത് ഹോര്‍മുസിലാണ്. അവിടുത്ത അപ്രമാധിത്വം നഷ്ടപ്പെട്ടാല്‍ ഇറാന് പിടിച്ചുനില്‍പ്പ് പാടാണ്. ലോകം മുഴുവന്‍ ഹോര്‍മുസിലേക്ക് ഉറ്റുനോക്കുമ്പോള്‍, ഒമാന്‍ തീരത്തുകൂടി അമേരിക്ക ഒരുക്കിയെടുത്ത സമാന്തര പാതയാണ് സമാധാനകരാര്‍ ലംഘിച്ച ആദ്യ ആക്രമണത്തിന് ഇറാനെ പ്രേരിപ്പിച്ചത്.
ലോകത്തിലേക്ക് എണ്ണയൊഴുകുന്ന ഹോര്‍മൂസ് തന്നെയായിരുന്നു എക്കാലവും ഇറാന്റെ സമ്മര്‍ദ സ്ട്രാറ്റജി. ഹോര്‍മൂസ് അടച്ചിട്ട്, ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കി ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുകയും ചെയ്തു.ഹോര്‍മൂസിലൂടെ സുഗമമായ കപ്പല്‍ഗതാഗതം സാധ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇറാന്റെ ഡ്രോണ്‍ ബോട്ടുകള്‍ ഏതുനിമിഷവും എത്താമെന്ന ഭീതിയില്‍ പഴയ തിരക്കേറിയ കപ്പല്‍ഗതാഗതം ഇപ്പോള്‍ സാധ്യമല്ല. നിയന്ത്രണമുളളതിനാല്‍ ആ വഴിപോയുണ്ടായ അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷപോലുമുണ്ടാകില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ ഇറാന്‍ പാകിയ മൈനുകള്‍ മറ്റൊരു ഭീഷണി. ഹോര്‍മൂസ് കടലിടുക്കിന്റെ വടക്കാണ് ഇറാന്‍ തീരം. തെക്കന്‍ മേഖല ഒമാന്‍ തീരം. ഇറാന്റെ ഭീഷണി ഒഴിവാക്കാനാണ് ഒമാന്‍ തീരത്തുകൂടിയുള്ള പാത ഉപയോഗിക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചത്. ഇവിടെ ഇറാന്‍ ഇടപെട്ടു. കപ്പലുകളെ ആക്രമിച്ചു. യുഎസ് തിരിച്ചടിച്ചു. ഇറാനിലെ 85 ഇടങ്ങളില്‍ ശക്തമായ മിസൈല്‍ ആക്രമണം നടത്തി. കാര്യങ്ങള്‍ വഷളാകുന്നത് ഇവിടെയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.