ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷത്തില്‍ കനത്ത നഷ്ടം നേരിട്ടെന്ന് ഇസ്രയേലിന്‍റെ തുറന്നുപറച്ചില്‍. ഇറാന്‍റെ മിസൈല്‍ ആക്രമണങ്ങള്‍ 300 കോടി ഡോളറിന്‍റെ നഷ്ടമാണ് ഇസ്രയേലിന് വരുത്തിവച്ചത്. ചരിത്രത്തിലാദ്യമായാണ് ഇസ്രയേല്‍ ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്. ഇറാനിലെ ആണവ നിലയങ്ങളിലേക്കും ആണവ ശാസ്ത്രഞ്ജരെയും വധിച്ച് ഇസ്രയേല്‍ തുടങ്ങിയ സംഘര്‍ഷം അവസാനിക്കുമ്പോഴാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.
Also Read: ആണവ കേന്ദ്രങ്ങള്‍ക്ക് വലിയ കേടുപാട്; അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍
ഇസ്രയേല്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളിയാണിതെന്നും ഇസ്രായേലിന്‍റെ ചരിത്രത്തിൽ ഇത്രയും നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും ഇസ്രായേൽ ടാക്സ് അതോറിറ്റിയുടെ ഡയറക്ടർ ജനറലിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്തു. 300 കോടി ഡോളറില്‍ യുദ്ധോപകരണങ്ങളുടെയും , വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും ചെലവ് ഉള്‍പ്പെടുത്തിയിട്ടില്ല.
മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപണിക്കുള്ള ചെലവും പ്രാദേശിക ബിസിനസുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ചെലവുകളും അടക്കമാണ് ഈ തുക. ഇറാന്‍ ആക്രമണത്തില്‍ 9000 ത്തിലധികം പേരെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നതായി ഇസ്രയേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാന്‍റെ ആക്രമണത്തില്‍ വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.
Also Read: ഇറാനില്‍ നിന്നെത്തിയ 18 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് ക്രൂരത; കുട്ടി കോമയില്‍
അതേസമയം മൊത്തം യുദ്ധ ചെലവ് 12 ബില്യൺ ഡോളർ വരെയാകുമെന്നാണ് ഇസ്രായേൽ ധനകാര്യ മന്ത്രി ബെസാലെൽ സ്മോട്രിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ധനകാര്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തലില്‍ ബിസിനസുകൾക്ക് നൽകപ്പെടുന്ന നഷ്ടപരിഹാരം ഏകദേശം 500 കോടി ഷെക്കലാണ്. 12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രായേൽ സമ്പദ്‌വ്യവസ്ഥ പൂര്‍ണമായും സ്തംഭിച്ചിരുന്നു. അതേസമയം ഇസ്രയേല്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ അമിര്‍ യറോണ്‍ വിലയിരുത്തുന്നത് 600 കോടി ഡോളറിന്‍റെ ചെലവാണ്. ഇറാനുമായുള്ള സംഘര്‍ഷത്തിനുള്ള ചെലവ് ഇസ്രയേല്‍ സമ്പദ്‍വ്യവസ്ഥയുടെ ഒരു ശതമാനം വരെ ആയിരിക്കാം എന്ന് അദ്ദേഹം സൂചിപ്പിച്ചു.