ഇറാനെതിരെ വീണ്ടും സൈനിക നീക്കങ്ങള്‍ക്ക് ഇസ്രയേല്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ജൂണില്‍ ഇസ്രയേലുമായി നടന്ന യുദ്ധത്തില്‍ തകര്‍ന്ന വ്യോമകേന്ദ്രങ്ങളും മിസൈല്‍ സംവിധാനങ്ങളും ഇറാന്‍ പുനരുജ്ജീവിപ്പിക്കുന്നതിലാണ് ഇസ്രയേലിന്‍റെ ആശങ്ക. ഇറാന്‍ തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി വികസിപ്പിക്കുന്നതില്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യം ട്രംപിനെ അറിയിക്കുകയും ഇറാനെ ആക്രമിക്കാന്‍ തയ്യാറാവുകയുമാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്.
ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വ്യാപിപ്പിക്കുകയാണ്. ഈ ഭീഷണിക്കെതിരെ എടുക്കേണ്ട നടപടിയെ പറ്റി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു സംസാരിക്കുമെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 29 ന് ട്രംപും നെതന്യാഹുവും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇത് ചര്‍ച്ചയാകും.
ഈ വര്‍ഷം ഇറാനും ഇസ്രയേലും രണ്ടാഴ്ച നീളുന്ന യുദ്ധം നടന്നിരുന്നു. ഇതില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ന്നിരുന്നു. യുദ്ധത്തിനിടെ യു.എസ് ബോംബിട്ട് തകര്‍ത്ത ആണവ കേന്ദ്രങ്ങളും ഇറാന്‍ പുനരുജ്ജീവിപ്പിക്കുകയാണ്. ആണവ കേന്ദ്രങ്ങളുടെ പുനര്‍ നിര്‍മാണത്തേക്കാള്‍ ബാലിസ്റ്റിക് മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ നന്നാക്കുന്നതിലുമാണ് ഇസ്രയേല്‍ ആശങ്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഇറാന്‍റെ നടപടികൾ ഇസ്രായേലിന് മാത്രമല്ല, യുഎസ് താൽപ്പര്യങ്ങൾക്കും ഭീഷണിയാണെന്നാണ് നെതന്യാഹുവിന്‍റെ പക്ഷം. ഇറാനെതിരായ പുതിയ സൈനിക നടപടികളിൽ അമേരിക്കയുടെ പങ്കാളിത്തത്തിനോ സഹായത്തിനോ ഉള്ള സാധ്യതകളും നെതന്യാഹു ട്രംപിനോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.