iran-force

യുഎസിനും ഇസ്രായേലിനുമെതിരായ പ്രത്യാക്രമണത്തിന് നേതൃത്വം നൽകുന്ന ഇറാന്‍റെ എലൈറ്റ് ഫോഴ്‌സായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) ഇപ്പോള്‍ സ്വതന്ത്രമായി പ്രവർത്തിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി.  ഒമാനിനെതിരായ ആക്രമണം തങ്ങളുടെ  തിരഞ്ഞെടുപ്പല്ല എന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി  അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തില്‍ പറയുന്നു,

ഇറാനിയൻ വിപ്ലവത്തെത്തുടർന്ന് 1979 മെയ് മാസത്തിൽ റുഹോല്ല ഖൊമേനി സ്ഥാപിച്ച ഐആർജിസി (IRGC) പരമ്പരാഗത ഇറാനിയൻ സൈന്യത്തിൽ നിന്ന് വേറിട്ടതാണ്. രാജ്യത്തെ ഇസ്‌ലാമിക് ഭരണകൂടത്തെ സംരക്ഷിക്കുന്നതിനായി ഇറാന്‍റെ ഭരണാധികാരമുള്ള മത നേതാക്കള്‍ രൂപീകരിച്ച പ്രത്യേക സേനയാണിത്. ഇറാന്‍റെ ഔദ്യോഗിക സൈന്യത്തിന് (Artesh) പുറമെ പ്രവർത്തിക്കുന്ന ഒരു സമാന്തര സൈന്യമാണിത്. ഇറാനിയൻ ഭാഷയിൽ ഇതിനെ 'സെപാ-ഇ-പാസ്ദാരൻ' (Sepah-e-Pasdaran) എന്നും വിളിക്കുന്നു. രാജ്യത്തിന്‍റെ പരമോന്നത നേതാവിനായിരുന്നു IRGC അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. യുഎസ്-ഇസ്രായേൽ ആക്രമണത്തിനിടെ കൊല്ലപ്പെടുന്നതിന്  മുന്‍പ് വരെ അയത്തുള്ള അലി ഖമേനിയാണ് ഈ സ്ഥാനം വഹിച്ചിരുന്നത്.

എന്നാലിപ്പോള്‍  ഈ സംഘടന നയിക്കാന്‍ ആരുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വേണം ഇറാന്‍ വിദേശ കാര്യമന്ത്രിയുടെ പ്രസ്താവനയിലൂടെ മനസ്സിലാക്കാന്‍. ഒമാൻ തുറമുഖം ലക്ഷ്യമിട്ടുള്ള ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ്, ‘ഒമാനിൽ നടന്നത് ഞങ്ങളുടെ തിരഞ്ഞെടുപ്പല്ല’ എന്ന മറുപടി ഇറാൻ വിദേശകാര്യ മന്ത്രി നല്‍കുന്നത്. തിരഞ്ഞെടുക്കുന്ന ലക്ഷ്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന്  ഇതിനകം തന്നെ സായുധ സേനയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വാസ്തവത്തിൽ, ഞങ്ങളുടെ സൈനിക യൂണിറ്റുകൾ ഇപ്പോൾ സ്വതന്ത്രവും  ഒറ്റപ്പെട്ടതുമാണ്, അവർക്ക് നേരത്തെ നല്‍കിയിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്’ എന്ന പ്രസ്താവനയിലൂടെ ഇറാൻ ഗവൺമെന്‍റിന്‍റെ ഉത്തരവനുസരിച്ചല്ല ഐആർജിസി ഇപ്പോള്‍ പ്രവർത്തിക്കുന്നതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അടുത്ത പരമോന്നത നേതാവ് തിരഞ്ഞെടുക്കപ്പെടുന്നതുവരെ, IRGC യ്ക്ക് മേലധികാരികളില്ല. ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഐആര്‍ജിസി പ്രതിജ്ഞയെടുത്തുകഴിഞ്ഞു. 

ഐആര്‍ജിസി - ഇറാന്‍റെ സമാന്തര ഭരണകൂടം

സാധാരണ ഇറാനിയൻ സൈന്യത്തേക്കാൾ 200,000 സൈനികർ കുറവാണെങ്കിലും, ഐആര്‍ജിസി ഗാർഡുകളെ ഇറാനിലെ പ്രബലമായ സൈനിക സേനയായി തന്നെ കണക്കാക്കാം. ഐആർജിസിക്ക് സ്വന്തമായി കരസേനയും വ്യോമസേനയും നാവികസേനയും ഉണ്ട്. മാത്രമല്ല. രഹസ്യ പ്രവർത്തനങ്ങൾക്കായി ഖുദ്‌സ് എന്ന സമർപ്പിത സേനയുണ്ട്. അസോസിയേറ്റഡ് പ്രസ് പറയുന്നതനുസരിച്ച്, ഇസ്രായേലിനും യുഎസിനുമെതിരെ ഇറാൻ വിശേഷിപ്പിക്കുന്ന ‘പ്രതിരോധത്തിന്‍റെ അച്ചുതണ്ട്’ സൃഷ്ടിക്കുന്നതിൽ ഖുദ്‌സ് ഫോഴ്‌സ് നിർണായകമായിരുന്നു. വിദേശ രാജ്യങ്ങളിലെ രഹസ്യ നീക്കങ്ങൾക്കും സൈനിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന വിഭാഗമാണിത്. കൊല്ലപ്പെട്ട ജനറൽ ഖാസിം സുലൈമാനി ഖുദ്സ് ഫോഴ്സിന്‍റെ തലവനായിരുന്നു.

2003-ൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തെ തുടർന്ന് അധികാരത്തിൽ വളർന്ന സിറിയയുടെ മുൻ പ്രസിഡന്‍റ് ബഷർ അസദ്, ലെബനനിലെ തീവ്രവാദി ഹിസ്ബുള്ള ഗ്രൂപ്പ്, യെമനിലെ ഹൂതി വിമതർ, മേഖലയിലെ മറ്റ് ഗ്രൂപ്പുകൾ എന്നിവരെ ഖുദ്സ് ഫോഴ്സ് പിന്തുണച്ചിരുന്നു. ആഭ്യന്തര സുരക്ഷയ്ക്കും പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനും സഹായിക്കാനായി ബാസിജ് എന്ന പേരിൽ ഒരു സന്നദ്ധ സേനയും ഐആര്‍ജിസിക്കുണ്ട്. ആഭ്യന്തര പ്രതിഷേധങ്ങളെ തകർക്കാനുള്ള ഇറാനിയൻ ആധിപത്യത്തിന്‍റെ കയ്യായി ബാസിജ് പ്രവർത്തിക്കുന്നു. അടുത്തിടെ നടന്ന ഡിസംബറിലെ പ്രതിഷേധത്തിനിടെ, ബാസിജ് അംഗങ്ങൾ നീളമുള്ള തോക്കുകളും ബാറ്റണുകളും പെല്ലറ്റ് തോക്കുകളും പ്രയോഗിക്കുന്നതും പ്രതിഷേധക്കാരെ അടിക്കുകയും പിന്തുടരുകയും ചെയ്തതും ലോകം കണ്ടതാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇറാന്‍റെ പ്രതിരോധത്തിലും രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും ഒരേപോലെ ആധിപത്യമുള്ള ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള സൈനിക ഗ്രൂപ്പുകളിൽ ഒന്നാണ് IRGC.

Iran Foreign Minister on IRGC's Autonomous Operations:

IRGC, the elite force leading attacks against the US and Israel, is now operating independently, according to Iran's Foreign Minister. This statement suggests that the organization is not currently acting under direct orders from the Iranian government