khamenei-trump

ഇസ്രയേലുമായോ അമേരിക്കയുമായോ വീണ്ടും യുദ്ധമുണ്ടാകാന്‍ സാധ്യതയെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുല്ല അലി ഖമനയിയുടെ സൈനിക ഉപദേഷ്ടാവ് യഹിയ റഹീം സഫാവി. ഇപ്പോഴത്തെ വെടിനിര്‍ത്തല്‍, സംഘര്‍ഷത്തിലെ ഒരു ഘട്ടം മാത്രമാണെന്നും സഫാവി പറഞ്ഞു.

‘ഞങ്ങള്‍ വെടിനിര്‍ത്തലിലല്ല, യുദ്ധത്തിന്‍റെ ഒരു ഘട്ടത്തിലാണ്. യു.എസുമായോ ഇസ്രയേലുമായോ തങ്ങള്‍ക്ക് യാതൊരു കരാറോ ധാരണയോ നിയന്ത്രണ പ്രോട്ടോക്കോളോ ഇല്ല’– അദ്ദേഹം വിശദീകരിച്ചു. ഒരു യുദ്ധം കൂടി സംഭവിക്കാമെന്നും അതിനുശേഷം യുദ്ധങ്ങളേ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് ജനറലും മുന്‍ കമാന്‍ഡറുമാണ് യഹിയ.

ഇസ്രയേലിന്‍റെയും ഇറാന്‍റെയും സേനാമേധാവിമാര്‍ യുദ്ധഭീഷണി മുഴക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെയാണ് ഖമനയിയുടെ ഉപദേഷ്ടാവിന്‍റെ പ്രസ്താവന. കൂടുതല്‍ ആക്രമണത്തിന് സജ്ജമാണെന്ന് ഇസ്രയേല്‍ സേനാമേധാവിയും ഭാവിയിലുണ്ടാകുന്ന ഏതാക്രമണത്തിനും വളരെ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ സൈനികമേധാവിയും പറഞ്ഞിരുന്നു. ‘അമേരിക്കയും ഇസ്രയേലും പറയുന്നത് ശക്തിയിലൂടെ സമാധാനം സ്ഥാപിക്കുമെന്നാണ്. ഇറാനും അതുപോലെ ശക്തി കൈവരിക്കണം. കാരണം ദുര്‍ബലരെ അടിച്ചമര്‍ത്തുന്നതാണ് പ്രകൃതിയുടെ രീതി’ – യഹിയ റഹീം സഫാവി പറഞ്ഞു.

ജൂണ്‍ 13ന് ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതിനോടെയാണ് 12 ദിവസത്തെ യുദ്ധം തുടങ്ങിയത്. ഇറാന്‍റെ ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രഞ്ജരും ഒട്ടേറെ സാധാരണക്കാരും കൊല്ലപ്പെട്ടു. ഇറാന്‍റെ തിരിച്ചടിയില്‍ ഇസ്രയേലില്‍ 32 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇറാനില്‍ 786 സൈനിക ഉദ്യോഗസ്ഥരടക്കം 1062 പേര്‍ കൊല്ലപ്പെട്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജൂലൈ 22 ന് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിന് ശേഷം ജൂണ്‍ 24 നാണ് യു.എസ് ഇടപെടലില്‍ യുദ്ധം അവസാനിച്ചത്.

അതേസമയം, ഇറാന്‍ ചൈനയുമായി സൈനിക സഹകരണം വര്‍ധിപ്പിക്കുന്നുവെന്ന് സൂചനയുണ്ട്. ജൂണിലെ യുദ്ധത്തില്‍ തകര്‍ന്ന ഇറാന്‍റെ മിസൈല്‍ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ചൈന സഹായം നല്‍കുന്നുവെന്ന് ഇസ്രയേല്‍ പത്രമായ യെദിയോത്ത് അഹ്രോനോത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരിട്ട് ആയുധങ്ങള്‍ നല്‍കുന്നില്ലെങ്കിലും തകര്‍ന്ന സൈനിക സംവിധാനങ്ങള്‍ നേരെയാക്കാന്‍ ചൈനീസ് സഹായം ലഭിക്കുന്നു എന്നാണ് വിവരം.

കഴിഞ്ഞ മാസം ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി ചൈന സന്ദര്‍ശിച്ചിരുന്നു. ഇതേ സമയത്ത് എണ്ണ വിതരണത്തിന് പ്രതിഫലമായി ചൈന ഇറാന് ചൈനീസ് നിര്‍മിത സർഫസ്-ടു-എയർ മിസൈലുകള്‍ നല്‍കിയിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, ഇറാന് ചൈന നേരിട്ട് സൈനിക സഹായം നല്‍കുന്നത് ഇസ്രയേലിന്‍റെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കും.

ENGLISH SUMMARY:

Iran Israel conflict sees heightened tensions. The conflict between Iran and Israel remains volatile, with potential for renewed hostilities according to Iranian military advisors.