In this photo released by an official website of the office of the Iranian supreme leader, Supreme Leader Ayatollah Ali Khamenei speaks in a meeting, in Tehran, Iran, Saturday, Jan. 17, 2026. (Office of the Iranian Supreme Leader via AP)
'ഖമനയി ഭരണം തുലയട്ടെ' എന്ന മുദ്രാവാക്യം ഇറാന്‍റെ തെരുവുകളില്‍ നിന്ന് മാഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയവരെ കൂട്ടത്തോടെ പിടിച്ച് ജയിലിലാക്കിയ ഭരണകൂടം ഇറാനില്‍ നടപ്പാക്കുന്നത് അതിഹീനമായ ശിക്ഷാരീതികളെന്ന് റിപ്പോര്‍ട്ട്. സ്റ്റാര്‍ലിങ്ക് വഴി പുറത്തുവന്ന ദൃശ്യങ്ങളിലാണ് ഇറാനിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ വിവരങ്ങളുള്ളത്. യുകെയില്‍ നിന്നുള്ള ഡെയ്ലി എക്സ്പ്രസാണ് നടുക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജയിലില്‍ കഴിയുന്ന പ്രതിഷേധക്കാരെ തുണിയഴിച്ച് നഗ്നരാക്കി കൊടും മഞ്ഞത്ത് തുറസായ സ്ഥലങ്ങളില്‍ നിര്‍ത്തുകയാണ് അധികൃതരെന്നാണ് വെളിപ്പെടുത്തല്‍. ഇവരുടെ ശരീരത്തിലേക്ക് തണുപ്പേറിയ വെള്ളം ഹോസുകള്‍ ഉപയോഗിച്ച് ഒഴിക്കുന്നുവെന്നും ജയിലില്‍ കഴിയുന്നവരുടെ ഉറ്റവര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ക്ക് പ്രത്യേകിച്ചും ഖമനയിക്കെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കിയവരുടെ ശരീരത്തില്‍ അജ്ഞാത മരുന്ന് കുത്തിവയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഫോണ്‍ സന്ദേശങ്ങളിലൂടെയും സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് വഴിയുമാണ് കൂട്ടക്കുരുതിയുടെയും ക്രൂരമായ ശിക്ഷാനടപടിയുടെയും വാര്‍ത്തകള്‍ പുറംലോകത്തേക്ക് എത്തിയത്. എല്ലാ കുടുംബത്തിലും ഒരാളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും അയല്‍ക്കാരനെയോ ബന്ധുവിനെയോ ഉറ്റവരെയോ സുഹൃത്തിനെയോ നഷ്ടപ്പെടാത്ത ഒരാളെപ്പോലും തങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സ്റ്റാര്‍ലിങ്ക് മുഖേനെ ലഭിച്ച സന്ദേശത്തില്‍ പറയുന്നതായി ഇറാന്‍ ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരുവുകളിലാകെ ചോരമണമാണെന്നും ശുചീകരണ ജീവനക്കാര്‍ വലിയ ടാങ്കറുകളില്‍ വെള്ളം നിറച്ചെത്തി തെരുവുകള്‍ വൃത്തിയാക്കുകയാണെന്നും മറ്റൊരു സന്ദേശത്തില്‍ പറയുന്നു. കുടുംബാംഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ച വെടിയുണ്ടയുടെ പണം സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ ആവശ്യപ്പെട്ട് അറിയിപ്പ് കിട്ടിയതായി ചിലര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
മനസാക്ഷിയെ മരവിപ്പിക്കുന്ന ശിക്ഷാനടപടികളാണ് സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്കെതിരെ സ്വീകരിക്കുന്നതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. തെരുവുകളില്‍ കൂട്ടിയിട്ടിരിക്കുന്ന കറുത്ത ബാഗുകളില്‍ ഉറ്റവരുടെ മൃതശരീരം തിരഞ്ഞ് നടക്കുകയാണ് കുടുംബങ്ങളെന്നും ഒരാദരവും മൃതദേഹങ്ങളോട് കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. മൃതദേഹങ്ങള്‍ വിട്ടുകിട്ടണമെങ്കില്‍ ഭീമമായ തുക സര്‍ക്കാരിലേക്ക് അടയ്ക്കണമെന്ന് നിര്‍ദേശം ലഭിച്ചതായും നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
Image Credit: Reuters
ഖമനയിക്കെതിരായ യുദ്ധപ്രഖ്യാപനം സര്‍വശക്തനെതിരായ യുദ്ധപ്രഖ്യാപനമാണെന്നും ഇതിന് മരണത്തില്‍ കുറഞ്ഞ ശിക്ഷയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രഖ്യാപിക്കുന്നത്. അതുകൊണ്ടാണ് ഇര്‍ഫാന്‍ സുല്‍ത്താനി ഉള്‍പ്പടെയുള്ളരെ തൂക്കിലേറ്റാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്ന് ഇര്‍ഫാന്‍റെ വധശിക്ഷ ഇറാന്‍ നീട്ടിവയ്ക്കുകയായിരുന്നു. എണ്ണൂറോളം വധശിക്ഷ ട്രംപിന്‍റെ ഇടപെടലില്‍ ഒഴിവായെന്നായിരുന്നു തൊട്ടടുത്ത ദിവസം വൈറ്റ്ഹൗസ് അവകാശപ്പെട്ടത്.
പ്രക്ഷോഭത്തില്‍ 4029 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഇറാനില്‍ നിന്നുള്ള അനൗദ്യോഗിക കണക്ക്. 26,015 പേര്‍ അറസ്റ്റിലായെന്നും 5811 പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്നും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പ്രക്ഷോഭത്തില്‍ പന്ത്രണ്ടായിരം പേരെ സര്‍ക്കാര്‍ കൊന്നൊടുക്കിയെന്നാണ് ഇറാന്‍ ഇന്‍റര്‍നാഷനലിന്‍റെ റിപ്പോര്‍ട്ട്. ആയിരങ്ങള്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടുവെന്ന് ആയത്തുല്ല ഖമനയി തന്നെ സ്ഥിരീകരിച്ചിരുന്നു.
Activists take part in a rally supporting protesters in Iran at Lafayette Park, across from the White House, in Washington, Sunday, Jan. 11, 2026. (AP Photo/Jose Luis Magana)
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും റിയാലിന്‍റെ ഇടിവിനുമെതിരെ ഡിസംബര്‍ 28നാണ് ഇറാനില്‍ വ്യാപാരികള്‍ പ്രതിഷേധ സമരം ആരംഭിച്ചത്. ഇത് ക്രമേണെ രാജ്യമെങ്ങും വ്യാപിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും യുവാക്കളും തെരുവിലിറങ്ങി. പ്രക്ഷോഭം ശക്തിപ്പെട്ടതോടെ അമേരിക്ക, വേണ്ടി വന്നാല്‍ തങ്ങള്‍ ഇടപെടുമെന്ന് പ്രഖ്യാപനവും നടത്തി. ലോകം മറ്റൊരു യുദ്ധഭീഷണി നേരിട്ട ദിവസങ്ങളാണ് പിന്നീട് കടന്നുപോയത്. പ്രക്ഷോഭത്തിന്‍റെ തീവ്രതയേറിയതോടെ ജനുവരി 12ന് ഖമനയി ഭരണകൂടം രാജ്യത്ത് ഇന്‍റര്‍നെറ്റും ടെലഫോണ്‍ ബന്ധവും വിച്ഛേദിച്ചു. വീടുകളില്‍ കയറിയിറങ്ങിയ സൈന്യം ഇന്‍റര്‍നെറ്റിന്‍റെ ഡിഷുകളടക്കം പിടിച്ചെടുത്തു. റഷ്യയുടെയും ചൈനയുടെയും സഹായത്തോടെ അത്യാധുനിക ജാമറുകളും രാജ്യമെങ്ങും പ്രവര്‍ത്തനക്ഷമമാക്കി. ഇതോടെ ഇറാന്‍ ജനതയ്ക്ക് പുറംലോകവുമായുള്ള ബന്ധം അറ്റു. അയ്യായിരത്തോളം ഇറാഖി സൈന്യത്തെ ഉപയോഗിച്ചാണ് ഖമനയി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയത്.