ഇറാന്‍ പരമോന്നതനേതാവ് ആയത്തുല്ല ഖമനേയി കൊല്ലപ്പെട്ടെന്ന് സ്ഥീരീകരിച്ച് ഇറാന്‍. ഖമനയിയുടെ മകളടക്കം കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ആയത്തുല്ല ഖമനയിയുടെ മകന്‍ മൊജ്തബ ഖമനയി ഇറാന്റെ പരമോന്നത നേതാവായേക്കും. ഖമനയിയെ കൊന്നവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
ടെഹ്റാനില്‍ നടത്തിയ സ്ഫോടനങ്ങളുടെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സേന പുറത്തുവിട്ടു. ഇറാനില്‍ താല്‍ക്കാലിക ഭരണകൂടം അധികാരമേറ്റു. 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിന് പിന്നാലെ തിരിച്ചടി കടുപ്പിച്ച് ഇറാന്‍. ഇസ്രയേല്‍, ദുബായ്, ഒമാന്‍, ദോഹ, ബഹ്റൈന്‍, റിയാദ് എന്നിവിടങ്ങളില്‍ പരക്കെ ആക്രമണം. ദുബായ്, അബുദാബി വിമാനത്താവളങ്ങളിലും ഡ്രോണ്‍ ആക്രമണം. ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനുനേരെയും ആക്രമണം.
Also Read: വാക്കു പാലിച്ച അറബ് രാജ്യങ്ങളെ വെട്ടി ഇറാന്‍; ‘ഖമനയി’ യുഗം തുടരുമോ? മൊജ്തബയുടെ നീക്കമെന്ത്?
ഇതിനിടെ ഇറാനെ പിന്തുണച്ച് പാക്കിസ്ഥാന്‍റെ വിവിധ മേഖലകളില്‍ പ്രതിഷേധം അരങ്ങേറി. കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിനു സമീപം പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 10പേര്‍ കൊല്ലപ്പെട്ടു. കറാച്ചിയിലെ യുഎസ് എംബസിയിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമച്ച് കയറി. ഗള്‍ഫ് മേഖലയില്‍ ഇന്നും വിമാനങ്ങളില്ല.
യു.എസ്. ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി ഗള്‍ഫ് രാജ്യങ്ങളിലെ തന്ത്രപ്രധാനമേഖലകള്‍ ലക്ഷ്യമിട്ട് ഇറാന്‍. കുവൈത്തിലെ യുഎസ് സൈനികതാവളം ആക്രമിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടു. സൈനികതാവളത്തിലേക്ക് 4 മിസൈലും 12 ഡ്രോണും പ്രയോഗിച്ചു. ഒട്ടേറെ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടന്നാണ് അവകാശവാദം. മിസൈല്‍ ആക്രമണത്തില്‍ ദുബായ് വിമാനത്താവളത്തില്‍ നാശനഷ്ടമുണ്ടായി. ജബല്‍ അലി തുറമുഖത്തില്‍ മിസൈല്‍ ആക്രമണത്തില്‍ തീപിടിച്ചു. ദുബായിലും ദോഹയിലും ബഹ്റൈനിലും ഇന്നും സ്ഫോടന ശബ്ദങ്ങള്‍ കേട്ടു. ബഹ്റൈന്‍ ക്രൗണ്‍പ്ലാസ ഹോട്ടല്‍ ആക്രമിച്ചു.
ബഹ്റൈനില്‍ തുടര്‍ച്ചയായി ആക്രമിക്കുന്ന മൂന്നാമത്തെ കെട്ടിടമാണിത്. ദോഹയില്‍ പത്തിലേറെ സ്ഫോടനങ്ങളുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ദോഹയിലെ വ്യവസായ മേഖലയിലെ മിസൈല്‍ ആക്രമണത്തില്‍ തീപിടിത്തം ഉണ്ടായെങ്കിലും ആര്‍ക്കും പരുക്കില്ല. ഖത്തറില്‍ മിസൈല്‍ ഭാഗങ്ങള്‍ വീണ് 8 പേര്‍ക്ക് നേരത്തേ പരുക്കേറ്റിരുന്നു. ഇറാൻ ആക്രമണത്തില്‍ 137 മിസൈലുകളും 209 ഡ്രോണുകളും തകർത്തെന്ന് യുഎഇ അറിയിച്ചു. 209 ഡ്രോണുകളില്‍ 14 എണ്ണത്തിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് നേരിയ നാശനഷ്ടമുണ്ടായി. മിസൈലാക്രമണത്തില്‍ ദുബായ് ബുര്‍ജ് അറബ് ഹോട്ടലിന് കേടുപാട് സംഭവിച്ചു. ദുബായിലെയും അബുദാബിയിലെയും സ്കൂളുകൾക്ക് വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറി .