മോസ്കോ വിമാനത്തവളത്തില്‍ ഇറാനില്‍ നിന്ന് എത്തിയ 18 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെടുത്ത് എറിഞ്ഞ് ക്രൂരത. ഇറാനിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് റഷ്യയിലേക്ക് എത്തിയ കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. ഗര്‍ഭിണിയായ അമ്മയ്ക്കൊപ്പം അഫ്ഗാനിസ്ഥാന്‍ വഴിയാണ് കുട്ടിയും അമ്മയും റഷ്യയിലേക്ക് എത്തിയത്. ബെലാറസിൽ നിന്നുള്ള 31 കാരനായ വ്‌ളാഡിമിർ വിറ്റ്‌കോവ് ആണ് അക്രമണം നടത്തിയത്. ഇയാളെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിമാനത്താവളത്തില്‍ കുട്ടിയുടെ അമ്മ കേസര വാങ്ങാനായി മാറിയപ്പോഴാണ് കുട്ടി അക്രമത്തിന് ഇരയായത്. സ്യൂട്ട്‌കേസിനടുത്ത് നിന്ന കുട്ടിയെ വിറ്റകോവ് എടുത്ത് തറയിലേക്ക് എറിയുകയായിരുന്നു. തലയോട്ടിക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കുഞ്ഞ് കോമയിലാണ്. അസ്വസ്ഥതയുണ്ടാക്കുന്ന വിഡിയോ എക്സില്‍ പ്രചരിക്കുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം. കുട്ടിയം ഉപദ്രവിക്കുന്നതിന് മുന്‍പ് വിറ്റ്കോവ് ചുറ്റും നോക്കുന്നതായും അക്രമത്തിന് ശേഷം സമീപത്ത് നിലത്ത് വീണുകിടക്കുന്നതും കാണാം. പ്രാഥമിക അന്വേഷണത്തിൽ വിറ്റ്‌കോവിന്‍റെ രക്തത്തില്‍ കഞ്ചാവിന്‍റെ അംശം കണ്ടെത്തിയിട്ടുണ്ട്. പരിശോധനയിൽ മറ്റു ലഹരികളും കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. കുട്ടിക്കെതിരെയുള്ള ആക്രമണത്തിന് വംശീയ വിദ്വേഷമോ മറ്റെന്തെങ്കിലും പ്രേരണയോ ഉണ്ടായിരുന്നോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ബെലാറസ് പൗരനായ വിറ്റ്കോവ് വനിതാ സുഹൃത്തിനൊപ്പമാണ് മോസ്കോയിലെത്തിയത്. കസ്റ്റഡിയിലുള്ള വിറ്റ്‌കോവ് അന്വേഷണവുമായി കാര്യമായി സഹകരിക്കുന്നില്ല. നേരത്തെയും അത്തരത്തിലുള്ള തെറ്റുകൾ വരുത്തിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പ്രതിക്ക് സമാനമായ പ്രായമുള്ള ഒരു മകളുണ്ടെന്നും ഇയാളുടെ മൊഴിയിലുണ്ട്.