കടലിലെ സഞ്ചരിക്കുന്ന സൈനിക താവളം, അതാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ – സമുദ്രത്തിലെ അമേരിക്കയുടെ സൂപ്പര്‍ പവര്‍. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളില്‍ ഒന്ന്. ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളെ വഹിക്കാന്‍ കെല്‍പ്പുള്ള ഈ വിമാനവാഹിനി കപ്പലിന്റെ പ്രഹരശേഷി മാരകം. ലോകരാഷ്ട്രങ്ങളുടെ കണ്ണുകള്‍ മുഴുവന്‍ ഇപ്പോള്‍ ഈ കപ്പലിന്റെ ഡക്കിലാണ്. കാരണം വേറൊന്നുമല്ല, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന യുദ്ധക്കപ്പല്‍ ഇറാനെ ലക്ഷ്യമിട്ട് നീങ്ങിത്തുടങ്ങി.
Also Read: യുഎസ് അര്‍മാഡയെ നേരിടാന്‍ ഇറാന്‍റെ ബ്രഹ്മാസ്ത്രം; പാഞ്ഞെത്തും ഡ്രോണ്‍കൂട്ടം
അമേരിക്കയുടെ 16-ാമത് പ്രസിഡന്റായ എബ്രഹാം ലിങ്കന്റെ പേരിലുള്ള ഈ യുദ്ധക്കപ്പൽ, വെറും ഒരു കപ്പൽ മാത്രമല്ല. ഒരു ചെറിയ വ്യോമസേനയെപ്പോലെയാണെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു. ആണവ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ വര്‍ഷങ്ങള്‍ വരെ കടലില്‍ സഞ്ചരിക്കാനാകും. ഏതു പ്രക്ഷുബ്ദധമായ സാഹചര്യത്തിലും അമേരിക്കയുടെ വിശ്വസ്തന്‍. ശത്രുരാജ്യങ്ങള്‍ക്കെതിരെ ദീര്‍ഘകാല ദൗത്യങ്ങള്‍ക്കായി രാജ്യം നിയോഗിക്കുന്നത് യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന ഈ യുദ്ധക്കപ്പലിനെയാണ്.
അമേരിക്കൻ നാവികസേനയുടെ നിമിറ്റ്സ് ക്ലാസ് എയർക്രാഫ്റ്റ് കാരിയര്‍ (Aircraft Carrier) വിഭാഗത്തില്‍പ്പെടുന്ന യുദ്ധക്കപ്പല്‍.
70 മുതല്‍ 90 വരെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാന്‍ ശേഷി. F/A-18 Super Hornet പോലുള്ള ഫൈറ്റർ ജെറ്റുകൾ, റിക്കണസൻസ്, രക്ഷാപ്രവർത്തന വിമാനങ്ങൾ തുടങ്ങിയ വഹിക്കുന്ന ഈ കപ്പല്‍ ഒഴുകുന്ന ഒരു യുദ്ധതാവളം തന്നെയാണ്. കടലില്‍ നിലയുറപ്പിച്ചു കൊണ്ടു തന്നെ ശത്രുരാജ്യങ്ങളുടെ മര്‍മം നോക്കി പ്രഹരിക്കാനുള്ള ശേഷി ഈ കപ്പലിനു സ്വന്തം. എതിരാളികള്‍ കെണിയൊരുക്കുന്നത് കരയിലായും ആകാശത്തായാലും ഈ യുദ്ധക്കപ്പലില്‍ നിന്നും പറക്കുന്ന ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ലക്ഷ്യം തെറ്റില്ല. സാങ്കേതികവിദ്യയുടെയും പ്രതിരോധശേഷിയുടെയും പ്രതീകമാണ് ഈ പടക്കപ്പല്‍
5,000-ത്തിലധികം സൈനികരും ജീവനക്കാരും കപ്പലിലുണ്ടാകും. ആശുപത്രി, ജിം, വിനോദ സൗകര്യങ്ങൾ എന്നുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സൈനിക ഓപ്പറേഷനുകൾ, അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുദ്ധസഹായം, പ്രകൃതി ദുരന്ത മേഖലകളില്‍ സഹായമെത്തിക്കല്‍ തുടങ്ങിയ ദൗത്യങ്ങളില്‍ എബ്രഹാം ലിങ്കണ്‍ യുദ്ധക്കപ്പല്‍ പങ്കെടുത്തിട്ടുണ്ട്.
ആക്രമിക്കാന്‍ മാത്രമല്ല, ശത്രുരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കൂടി അമേരിക്ക പടക്കപ്പലിനെ ആശ്രയിക്കുന്നു. ഈ യുദ്ധക്കപ്പല്‍ ഇരമ്പിയാല്‍ എതിരാളികള്‍ ഒന്നടങ്ങും. ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന ഇറാന്‍ പക്ഷെ പിന്‍മാറുമോ ?. പ്രത്യാക്രമണം ഏതു വിധത്തിലായിരിക്കും ? കാത്തിരുന്നു കാണാം