യുദ്ധഭൂമിയിലെ കുട്ടികളുടെ അവകാശങ്ങള്‍ ചര്‍ച്ച ചെയ്ത യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ്. അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനില്‍ നൂറുകണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് യോഗം എന്നത് വിമര്‍ശനം ഏറ്റുവാങ്ങി.
സംഘര്‍ഷഭൂമിയിലടകപ്പെടുന്ന കുട്ടികളുടെ അവകാശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യു.എസ് രക്ഷാസമിതി പ്രത്യേക യോഗം ചേര്‍ന്നത് . സാധാരണ അധ്യക്ഷ പദവിയിലുള്ള രാജ്യങ്ങളുടെ യു.എന്‍ അംബാസഡറോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ ആണ് ചര്‍ച്ച നയിക്കുക. പക്ഷേ ഇതാദ്യമായി അമേരിക്ക പ്രഥമവനിത മെലാനിയ ട്രംപിനെ അധ്യക്ഷയാക്കുകയായിരുന്നു. അമേരിക്കയുടെ മനസ് യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ മെലാനിയ ട്രംപ് ഇറാന്‍ യുദ്ധത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ചില്ല.
ഈ സമയത്ത് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അമേരിക്കന്‍ പ്രഥമ വനിതയെ അനുവദിച്ച രക്ഷാസമിതി നിലപാട് കാപട്യവും അവസരവാദവുമാണെന്ന് യു.എന്നിലെ ഇറാന്‍ അംബാസഡര്‍ വിമര്‍ശിച്ചു. ഞായറാഴ്ച ഇറാനില്‍ അമേരിക്കന്‍ പിന്തുണയോട ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 150 ലേറെ സ്കൂള്‍ കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ലോകത്താകെ 23.4 കോടി കുട്ടികള്‍ക്ക് സംഘര്‍ഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസവും മറ്റ് മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്നു എന്നാണ് യു.എന്‍ കണക്ക്.