This image grab taken from footage broadcast by Iran's IRIB news agency on June 26, 2025, shows the Supreme Leader of the Islamic Republic Ayatollah Ali Khamenei addressing the nation. (Photo by IRIB NEWS AGENCY / AFP) / XGTY)
ഇസ്രയേലിനെതിരെ ഇറാന്‍ നേടിയത് മഹാവിജയമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി. ഇറാന്‍റെ ധീരസൈന്യത്തെ അഭിനന്ദിക്കുന്നതായി സമൂഹമാധ്യമമായ എക്സിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ ഖമനയി വ്യക്തമാക്കി. ഭാവിയില്‍ ഏതെങ്കിലുമൊരു രാഷ്ട്രം ഇറാനെതിരെ ആക്രമണത്തിന് തുനിഞ്ഞാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും യുഎസ് സൈനിക ശക്തിയെ തകര്‍ക്കാന്‍ കെല്‍പ്പുള്ള സൈന്യമാണ് ഇറാന്‍റേതെന്നും ഖമനയി തുറന്നടിച്ചു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷമുള്ള ഖമനയിയുടെ ആദ്യ പ്രതികരണമാണിത്.
ആണവായുധം ഇറാന്‍ ഉണ്ടാക്കുന്നുവെന്നും, മിസൈലുകള്‍ വികസിപ്പിക്കുന്നുവെന്നും മുറവിളി കൂട്ടുന്നവരുടെ ലക്ഷ്യം എന്താണെന്ന് മനസിലാകുമെന്നും ഇറാന്‍ ആര്‍ക്കും കീഴടങ്ങില്ലെന്നും ഖമനയി പറഞ്ഞു. 'ഇറാന്‍ കീഴടങ്ങണം, അതായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രസംഗത്തില്‍ പറഞ്ഞത്. ട്രംപിനെപ്പോലെ ഒരാള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണത്. ഇറാനെ പിടിച്ചടക്കുകയാണ് യുഎസ് ലക്ഷ്യം. ഇറാന്‍ സര്‍വശക്തമായ രാജ്യമാണെന്നും കീഴ്പ്പെടുത്താമെന്നതും കീഴടങ്ങുമെന്നതും വ്യാമോഹം മാത്രമാണെന്നും ഖമനയി കൂട്ടിച്ചേര്‍ത്തു. Also Read: ഇറാനിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയ ചാരസുന്ദരി
ട്രംപ് പറയുന്നത് പോലെയുള്ള നാശനഷ്ടങ്ങളൊന്നും യുഎസ് ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെന്നും ഖമനയി വെളിപ്പെടുത്തി. കാര്യമായ ഒരു ക്ഷതവും സംഭവിച്ചിട്ടില്ല. ഇല്ലാത്ത കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുക മാത്രമാണ് ട്രംപ് ചെയ്യുന്നത്. സത്യം മറച്ച് പിടിക്കുകയാണ് ട്രംപിന്‍റെ ലക്ഷ്യം. യുഎസിന്‍റെ സുപ്രധാന വ്യോമതാവളമാണ് ഞങ്ങള്‍ ആക്രമിച്ചത്. അത് മറച്ചുവയ്ക്കാനാണ് ഈ വീരവാദമെന്നും ട്രംപിന്‍റെ അവകാശവാദങ്ങളെ തള്ളി ഖമനയി പറഞ്ഞു. ഇറാന്‍റെ ആണവകേന്ദ്രങ്ങള്‍ക്കെതിരായി നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്നും ഫൊര്‍ദോ ആണവകേന്ദ്രം തകര്‍ത്തുവെന്നുമായിരുന്നു ആക്രമണത്തിന് പിന്നാലെ ട്രംപ് പറഞ്ഞത്. Read More: രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇറാന് ആണവായുധം നിര്‍മിക്കാമെന്ന് യുഎസ് ഇന്‍റലിജന്‍സ്
അതേസമയം, ഇറാനുമായി അടുത്തയാഴ്ച ചര്‍ച്ചകള്‍ നടത്തുമെന്നും ഇറാന്‍റെ ആണവ ആയുധ നിര്‍മാണ പദ്ധതികള്‍ നിര്‍ത്തിവയ്പ്പിക്കുന്ന കരാറില്‍ എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു ട്രംപിന്‍റെ വെളിപ്പെടുത്തല്‍. ഇനിയും ആണവ ആയുധങ്ങള്‍ ലോകത്തിന് ആവശ്യമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.