ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക ഇനിയും ശക്തമായ ആക്രമണങ്ങൾ നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലെ വ്യോമാക്രമണങ്ങളിൽ ദ്വീപിന്റെ ഭൂരിഭാഗവും തകർക്കപ്പെട്ടുവെന്നും, 'ഒരു രസത്തിന് വേണ്ടി'  ഇനിയും പലതവണ ഖാർഗിനെ ലക്ഷ്യം വെച്ചേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എൻ‌ബി‌സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

യുഎസും ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ട്രംപിന്റെ പ്രകോപനപരമായ പുതിയ പ്രസ്താവന. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണമായും തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ആഗോള എണ്ണ വിതരണത്തെ ബാധിക്കാതിരിക്കാൻ നിലവിൽ എണ്ണ ഉത്പാദന കേന്ദ്രങ്ങളെ ബോധപൂർവ്വം ഒഴിവാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ സമാധാനത്തിന് സന്നദ്ധമാണെന്ന് തോന്നുമെങ്കിലും അവർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അമേരിക്കയ്ക്ക് സ്വീകാര്യമല്ലെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവിക ഗതാഗതം തടസപ്പെടുത്തിയാൽ തിരിച്ചടി രൂക്ഷമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ മറ്റ് രാജ്യങ്ങളുടെ സഹായവും ട്രംപ് തേടിയിട്ടുണ്ട്. സംഘർഷം മുറുകുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ എണ്ണവില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഇത് ആഗോളതലത്തിൽ ഇന്ധനവില വർധനയ്ക്കും സാമ്പത്തിക ആശങ്കകൾക്കും കാരണമായിട്ടുണ്ട്.

അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കോ കരാറിനോ ഇല്ലെന്ന് ഇറാന്‍ പ്രതികരിച്ചു. അമേരിക്കയുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് ആക്രമിച്ചതെന്നും വെടിനിര്‍ത്തലിനായി ഇറാന്‍ ആവശ്യപ്പെടില്ലെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. യുദ്ധം ഇറാന്റെ തീരുമാനമല്ലെന്നും അമേരിക്കയുടെയും ഇസ്രയേലിന്റെയും തീരുമാനമായിരുന്നെന്നും അബ്ബാസ് അറാഗ്‌ചി പറഞ്ഞു. പ്രതികാരത്തില്‍ നിന്ന് ഇറാന്‍ പിന്‍മാറില്ലെന്നും അറാഗ്ചി യു.എസ് വാര്‍ത്താചാനലിനോട് വ്യക്തമാക്കി.

ENGLISH SUMMARY:

US President Donald Trump warns of further attacks on Iran's Kharg Island. Conflict enters 3rd week as oil prices hit a 4-year high due to Middle East tensions.